'മുസ്‌ലിം പ്രഭാകരനെ' സൃഷ്ടിച്ചാല്‍ നമ്മളിനിയും വിഭജിക്കപ്പെടുമെന്ന് മൈത്രിപാല സിരിസേന

രാഷ്ട്രീയക്കാരില്‍ പലരുടെയും ലക്ഷ്യം ഈവര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയെന്നതാണ്

Update: 2019-06-10 01:33 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന്റെ മറവില്‍ ശ്രീലങ്കയില്‍ മുസ് ലിംകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്തെ എല്ലാസമുദായങ്ങളും തമ്മില്‍ ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും ഒരു 'മുസ്‌ലിം പ്രഭാകരന്‍' വളര്‍ന്നുവരാന്‍ സാഹചര്യമുണ്ടാക്കരുതെന്നും സിരിസേന മുല്ലൈത്തീവില്‍ പറഞ്ഞു. 'രാജ്യം വിഭാഗീകരിക്കപ്പെട്ടിരിക്കുകയാണ്. മതനേതാക്കളും രാഷ്ട്രീയനേതാക്കളുമെല്ലാം ഇതിന്റെ ഭാഗഭാക്കായിട്ടുണ്ട്.

    രാഷ്ട്രീയക്കാരില്‍ പലരുടെയും ലക്ഷ്യം ഈവര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയെന്നതാണ്. ഒരു മുസ്‌ലിം പ്രഭാകരന്‍ ജനിക്കാനും ഭീകരപ്രവര്‍ത്തനം വളരാനും അവസരമൊരുക്കരുത്. അങ്ങനെ സംഭവിച്ചാല്‍ മറ്റൊരു യുദ്ധമുണ്ടാവുകയാവും ഫലം. നമ്മളിനിയും വിഭജിക്കപ്പെട്ടാല്‍ അതിന്റെ നഷ്ടം രാജ്യത്തിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ സ്വതന്ത്ര തമിഴ് രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളോളം പ്രക്ഷോഭം നടത്തിയ എല്‍ടിടിഇയുടെ സ്ഥാപകനേതാവാണ് വേലുപ്പിള്ള പ്രഭാകരന്‍. പ്രക്ഷോഭത്തിന്റെ ഭാഗമായുണ്ടായ ആക്രമണങ്ങളിലും സൈനിക നടപടികളിലും ശ്രീലങ്കയില്‍ പതിനായിരങ്ങളാണ് കൊല ചെയ്യപ്പെട്ടത്. 2009ല്‍ ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ വെടിവച്ചു കൊലപ്പെടുത്തിയതോടെയാണ് യുദ്ധത്തിനു വിരാമമായത്.



Tags: