പാക് ഷൂട്ടര്‍മാര്‍ക്ക് വിസ നിഷേധം: ഇന്ത്യയില്‍ വന്‍ ടൂര്‍ണമെന്റുകള്‍ നടത്തരുതെന്ന് ഐഒസി

കടുത്ത നിലപാടുകളുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

Update: 2019-02-23 05:26 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട മൂന്നംഗ പാക് താരത്തിന് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരേ നിലപാട് കടുപ്പിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി). വിസ നല്‍കാത്ത ഇന്ത്യയുടെ നടപടി ഒളിംപിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസനില്‍ നടന്ന ഐഒസി എക്‌സിക്യുട്ടീവ് ബോര്‍ഡ് വിലയിരുത്തി. അന്താരാഷ്ട്ര കായികമല്‍സരങ്ങള്‍ക്ക് ഭാവിയില്‍ ആതിഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഐഒസി സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യയില്‍ മറ്റ് കായിക ഇനങ്ങളിലും വന്‍ ടൂര്‍ണമെന്റുകള്‍ നടത്തരുതെന്ന് അന്താരാഷ്ട്ര ഫെഡറേഷനുകളോടും ശുപാര്‍ശ ചെയ്തു. 2026ലെ യൂത്ത് ഒളിംപിക്‌സിനും 2030ലെ ഏഷ്യന്‍ ഗെയിംസിനും 2032ലെ ഒളിംപിക്‌സിനും ആതിഥേയത്വത്തിന് ശ്രമിക്കുന്ന ഇന്ത്യക്ക് ഐഒസി തീരുമാനം കനത്ത തിരിച്ചടിയായേക്കും. ഇതുപ്രകാരം ഇന്ത്യയില്‍ ഇനി ഒളിംപിക് കമ്മിറ്റിക്കു കീഴിലുള്ള അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടക്കണമെങ്കില്‍, യോഗ്യതയുള്ള അംഗരാജ്യങ്ങളുടെയെല്ലാം പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ എഴുതിനല്‍കേണ്ടി വരും. അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനു കീഴില്‍ ഡല്‍ഹിയില്‍ നടക്കുന്ന ലോകകപ്പിലെ രണ്ട് ഒളിംപിക് ക്വാട്ടകളും ഐഒസി റദ്ദാക്കിയിരിക്കുകയാണ്. രണ്ട് പാക് താരങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന പുരുഷവിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തിലെ ക്വാട്ടകളാണ് റദ്ദാക്കിയത്. ക്വാട്ടകള്‍ റദ്ദാക്കണമെന്ന് പാകിസ്താന്‍ ഷൂട്ടിങ് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈയിനത്തില്‍ വിജയിക്കുന്ന രണ്ട് താരങ്ങള്‍ക്ക് ഒളിംപിക്‌സിന് യോഗ്യത ഉറപ്പിക്കാമായിരുന്നു. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഈയിനത്തില്‍ മല്‍സരിക്കുന്നുണ്ട്. അവര്‍ക്കും മറ്റ് രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കുമുള്ള അവസരമാണ് നഷ്ടമായത്. ഏതായാലും പുല്‍വാമ ആക്രമണങ്ങള്‍ കായികരംഗത്തേക്കും പ്രതിഫലിക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കും നഷ്ടമുണ്ടാവുമെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.




Tags:    

Similar News