ഉര്‍ദുഗാന് തിരിച്ചടി; തുര്‍ക്കി മുന്‍ പ്രധാനമന്ത്രി രാജിവച്ചു

തന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപ്രസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അച്ചടക്കലംഘനത്തിന്റെ പേരില്‍ ദാവൂദോഗ്ലുവിനെയും മുന്ന് നേതാക്കളെയും പുറത്താക്കാന്‍ ഉര്‍ദുഗാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് രാജിപ്രഖ്യാപനം.

Update: 2019-09-14 17:48 GMT

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ എകെ പാര്‍ട്ടിയില്‍നിന്ന് മുന്‍ പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്ലു രാജിവച്ചു. തന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപ്രസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അച്ചടക്കലംഘനത്തിന്റെ പേരില്‍ ദാവൂദോഗ്ലുവിനെയും മുന്ന് നേതാക്കളെയും പുറത്താക്കാന്‍ ഉര്‍ദുഗാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് രാജിപ്രഖ്യാപനം. 'ഞാന്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുകയാണ്. ഇത് ചരിത്രപരമായി എന്റെ രാജ്യത്തോട് നിര്‍വഹിക്കുന്ന കടമയാണ്'- അഹ്മദ് ദാവൂദോഗ്ലു വ്യക്തമാക്കി.

പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്നെയാവും തന്റെ മുഖ്യ എതിരാളിയെന്നും അദ്ദേഹം സൂചന നല്‍കി. 2009 മുതല്‍ 2014 വരെ ഉര്‍ദുഗാന്‍ മന്ത്രിസഭയില്‍ വിദേശമന്ത്രിയായിരുന്ന ദാവൂദോഗ്ലു പിന്നീട് 2016 വരെ പ്രധാനമന്ത്രിയുമായി. എന്നാല്‍, താമസിയാതെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കി പകരം ബിനാലി യില്‍ദിറിമിനെ നിയമിച്ചു. ഇതോടെ എകെ പാര്‍ട്ടിക്കെതിരെയും ഉര്‍ദുഗാനെതിരെയും വിമര്‍ശനമുന്നയിച്ച് ദാവൂദോഗ്ലു രംഗത്തെത്തി. എകെ പാര്‍ട്ടി അതിന്റെ അടിസ്ഥാനതത്വങ്ങളില്‍നിന്ന് വ്യതിചലിച്ചെന്നും വിമര്‍ശകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന നയമാണ് എകെ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്നും ദാവൂദോഗ്ലു കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിതരഞ്ഞെടുപ്പില്‍ എകെപി പരാജയപ്പെട്ടതുമുതല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഇസ്താംബൂളില്‍ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി എകെപി രംഗത്തെത്തുകയും ചെയ്തു. ജൂണില്‍ ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ എകെപി തോറ്റതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവാന്‍ തുടങ്ങി. മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി അലി ബാബ്കാനും കഴിഞ്ഞ ജൂലൈയില്‍ എകെപി വിട്ടിരുന്നു.

Tags:    

Similar News