യുഎസിന്റെ സ്വര്‍ണ നിക്ഷേപമെല്ലാം രഹസ്യ അറയില്‍ ഉണ്ടോയെന്ന് അറിയണം: ട്രംപ് ; ഫോര്‍ട്ട് നോക്‌സ് തുറക്കാന്‍ തീരുമാനം
വാഷിങ്ടണ്‍: യുഎസിന്റെ സ്വര്‍ണ നിക്ഷേപമെല്ലാം രഹസ്യ അറയില്‍ ഉണ്ടോയെന്ന് അറിയണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് ഉന്നയിച്ച സംശയമാണ് ട്രംപിന്റെ പരിശോധനാ നീക്കത്തിന് പിന്നില്‍. ഫോര്‍ട്ട് നോക്സിലുണ്ടെന്ന് പറയപ്പെടുന്ന 400 ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള സ്വര്‍ണം അവിടെയുണ്ടോ എന്നായിരുന്നു സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന്റെ സംശയം. 'ഇത് അമേരിക്കക്കാരുടെ സ്വര്‍ണ ശേഖരമാണ്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് അറിയാന്‍ അവര്‍ക്ക് അവകാശമുണ്ടെ'ന്ന മസ്‌കിന്റെ എക്സ് പോസ്റ്റാണ് നിലവിലെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. 5000 ടണ്‍ സ്വര്‍ണമാണ് ഫോര്‍ട്ട് നോക്സിലുള്ളതായി കരുതപ്പെടുന്നത്. ഇതിന് പുറമേ ഡെന്‍വറിലും വെസ്റ്റ് പോയിന്റിലുമുള്ള മിന്റുകളിലും സ്വര്‍ണ ശേഖരമുണ്ട് അമേരിക്കയ്ക്ക്.
അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലി തനിക്ക് സമ്മാനമായി നല്‍കിയ ചെയിന്‍ സോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ മസ്‌ക് ആവശ്യം ഉന്നയിച്ചത്. ഈ 5,000 ടണ്‍ സ്വര്‍ണം എങ്ങനെയിരിക്കും. ആ സ്വര്‍ണ വാതിലുകള്‍ക്ക് പിന്നിലെന്താവും. പ്രസിഡന്റിന്റെ ഒരു ലൈവ് ടൂറിലൂടെ നമുക്കത് പരിശോധിക്കണം. അതാരെങ്കിലും അടിച്ചുമാറ്റി ഈയമോ പെയിന്റോ സ്പ്രേ ചെയ്തിട്ടുണ്ടാവുമോ. മസ്‌ക് ഉന്നയിച്ച സംശയങ്ങള്‍ ഇങ്ങനെ പോകുന്നു. എന്നാല്‍ എല്ലാ വര്‍ഷവും കൃത്യമായ ഓഡിറ്റ് നടത്തുന്നുണ്ടെന്നും ഒരു തരി സ്വര്‍ണം പോലും എവിടെയും പോയിട്ടില്ലെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റും പറയുന്നു.
അമേരിക്കയുടെ സ്വര്‍ണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോര്‍ട്ട് നോക്സ്. അവിടെ 400 ബില്യണ്‍ ഡോളറിലെറെ സ്വര്‍ണ ശേഖരമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. സ്വര്‍ണ്ണം പരിശോധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ട്രംപ് പറഞ്ഞത്. സ്വര്‍ണ ശേഖരത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന് അത്ര കണ്ട് വിശ്വാസ്യതയില്ല എന്ന മട്ടില്‍ നിരവധി കോണ്‍സ്പിരസി തിയറികള്‍ അഥവാ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്.
1937ലാണ് ഫോര്‍ട്ട് നോക്സിലേക്ക് ആദ്യ സ്വര്‍ണ ശേഖരമെത്തിയത്. 1974 വരെ അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഫോര്‍ട്ട് നോക്സ് നിലവറകളിലേക്ക് പ്രവേശനമുള്ള ഒരേയൊരാള്‍ പ്രസിഡന്റ് മാത്രമായിരുന്നു. എന്ന് 1974 ല്‍ മിന്റ് ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിനും സ്വര്‍ണ ശേഖരം കാണാന്‍ നിലവറകള്‍ തുറന്നുകൊടുത്തിരുന്നു. അന്ന് സ്വര്‍ണശേഖരത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആ നടപടിക്കായി.
ഫോര്‍ട്ട് നോക്സിലെ സ്വര്‍ണ ശേഖരം സിനിമകള്‍ക്കും പ്രമേയമായിട്ടുണ്ട്. 1964 ലെ ജെയിംസ് ബോണ്ട് ത്രില്ലര്‍ 'ഗോള്‍ഡ് ഫിങ്കറിലും' 1981 ലെ കോമഡി മൂവി 'സ്ട്രൈപ്സിലും' ഫോര്‍ട്ട് നോക്സ് വിഷയമായി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബഗ്സ് ബണ്ണിയും യോസെമൈറ്റ് സാമും ഫോര്‍ട്ട് നോക്സിലെ സ്വര്‍ണം അടിച്ചുമാറ്റാന്‍ നടത്തുന്ന കാര്‍ട്ടൂണുകളും 1952ല്‍ വന്നിരുന്നു.

