മൂന്നുവര്‍ഷത്തിനിടെ ചൈനയില്‍ തകര്‍ത്തത് ആയിരക്കണക്കിന് മുസ്‌ലിം പള്ളികള്‍

16,000 ഓളം പള്ളികള്‍ പൂര്‍ണമായും തകര്‍ക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മൂന്നുവര്‍ഷത്തിനിടെയാണ് 8,500 പള്ളികള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മേഖലകളില്‍ വ്യാപകമായ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നിട്ടുള്ളതായും സംഘം കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് തകര്‍ക്കപ്പെട്ട പള്ളികളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്.

Update: 2020-09-26 05:24 GMT

ബെയ്ജിങ്: വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവിനുള്ളില്‍ ആയിരക്കണക്കിന് മുസ്‌ലിം പള്ളികള്‍ ചൈനീസ് അധികൃതര്‍ തകര്‍ത്തതായി റിപോര്‍ട്ട്. ഗോത്ര മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സിന്‍ജിയാങ് മേഖലയിലാണ് കൂടുതല്‍ പള്ളികളും തകര്‍ക്കപ്പെട്ടിരിക്കുന്നത്. ആസ്‌ത്രേലിയന്‍ തിങ്ക് താങ്ക് ഗ്രൂപ്പായ ആസ്‌ത്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എഎസ്പിഐ) പഠനസംഘമാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. 16,000 ഓളം പള്ളികള്‍ പൂര്‍ണമായും തകര്‍ക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

മൂന്നുവര്‍ഷത്തിനിടെയാണ് 8,500 പള്ളികള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മേഖലകളില്‍ വ്യാപകമായ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നിട്ടുള്ളതായും സംഘം കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് തകര്‍ക്കപ്പെട്ട പള്ളികളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്. വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുടനീളമുള്ള ക്യാംപുകളില്‍ ഒരുദശലക്ഷത്തിലധികം വൈഗൂര്‍ മുസ്‌ലിംകളെയും മറ്റ് തുര്‍ക്കി സംസാരിക്കുന്ന മുസ്‌ലിം ജനവിഭാഗത്തെയും തടവിലാക്കി.

മതന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിക്കുന്ന ഉറുംഖി, കശ്ഗര്‍ നഗരകേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ വലിയതോതില്‍ നഷ്ടങ്ങളുണ്ടായി. പൂര്‍ണമായും പൊളിച്ചുമാറ്റാത്ത പള്ളികളുടെ താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്തിരിക്കുകയാണ്. ഇത്തരത്തില്‍ ഭാഗികമായി തകര്‍ക്കപ്പെട്ട 15,500 ല്‍ താഴെ പള്ളികള്‍ സിന്‍ജിയാങ് മേഖലയില്‍ ഇപ്പോഴുമുണ്ടെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 

അതേസമയം, സിന്‍ജിയാങ്ങിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും ബുദ്ധക്ഷേത്രങ്ങള്‍ക്കും യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് തിങ്ക് താങ്ക് സംഘം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിന്‍ജിയാങ്ങിലെ പ്രധാന ഇസ്‌ലാമിക പുണ്യസ്ഥലങ്ങളായ ആരാധനാലയങ്ങള്‍, ഖബറിടങ്ങള്‍, തീര്‍ത്ഥാടന റൂട്ടുകള്‍ എന്നിവയടക്കം പൊളിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എഎഫ്പി നടത്തിയ അന്വേഷണത്തില്‍ ഈ പ്രദേശത്ത് ഡസന്‍ കണക്കിന് കബറിടങ്ങള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.

തകര്‍ക്കപ്പെട്ട ഖബറിടങ്ങളില്‍നിന്ന് മനുഷ്യരുടെ അവശിഷ്ടങ്ങളും ഇഷ്ടികകളും ചിതറിക്കിടക്കുന്നതായും എഎഫ്പിയുടെ അന്വേഷണത്തിലൂടെ പുറത്തുവന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം പള്ളികള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതിനെക്കുറിച്ചുള്ള റിപോര്‍ട്ടുകളെ ചൈനയുടെ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. ഗവേഷണസ്ഥാപനത്തിന് അക്കാദമിക് വിശ്വാസ്യതയില്ലെന്നും ചൈന വിരുദ്ധ റിപോര്‍ട്ടുകളും നുണകളുമാണ് റിപോര്‍ട്ടിലുള്ളതെന്നുമായിരുന്നു മന്ത്രാലയത്തിന്റെ മറുപടി. ഈ പ്രദേശത്ത് 24,000 പള്ളികളുണ്ടെന്ന് മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

സിന്‍ജിയാങ്ങിന്റെ മൊത്തം പള്ളികളുടെ എണ്ണം അമേരിക്കയുടേതിനേക്കാള്‍ പത്തിരട്ടിയിലധികം വരും. ചില മുസ്‌ലിം രാജ്യങ്ങളെ അപേക്ഷിച്ച് പള്ളികളുടെ എണ്ണം ഇവിടെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ തടങ്കല്‍ കേന്ദ്രങ്ങളുണ്ടെന്ന റിപോര്‍ട്ടുകളെയും അദ്ദേഹം നിരാകരിച്ചു. അവിടെയുള്ള ക്യാംപുകള്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണെന്നും ദാരിദ്ര്യവും തീവ്രവാദവും നേരിടാന്‍ അത് അത്യാവശ്യമാണെന്നുമായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.

Tags: