മാഡ്രിഡ്: ഇറാനെതിരായ അമേരിക്കയുടേയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് സ്‌പെയിന്‍ പ്രധാനമന്ത്രി സാഞ്ചസ്. തന്റെ സര്‍ക്കാരിന്റെ നിലപാട് യുദ്ധം വേണ്ട എന്നാണ്. സ്പാനിഷ് ജനത 'ഈ ദുരന്തത്തിന്' എതിരാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം വരുത്തിവെക്കുന്ന മാനുഷിക ദുരന്തങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്, സര്‍ക്കാരുകള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും സാഞ്ചസ് കൂട്ടിച്ചേര്‍ത്തു.
2003ലെ ഇറാഖ് അധിനിവേശം കൂടുതല്‍ അരക്ഷിതമായ ഒരു ലോകത്തിലേക്ക് നയിച്ചുവെന്നും ഇറാനെതിരായ യുദ്ധം കൂടുതല്‍ നീതിയുക്തമായ ഒരു അന്താരാഷ്ട്ര ക്രമത്തിലേക്കോ, ആരോഗ്യകരമായ ഒരു അന്തരീക്ഷത്തിലേക്കോ, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലേക്കോ നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ക്കായി യുഎസ് സൈന്യം തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് സ്‌പെയിനുമായുള്ള എല്ലാ വ്യാപാരവും വിച്ഛേദിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.