ഇറാഖില്‍ ഭരണവിരുദ്ധപ്രക്ഷോഭം കത്തുന്നു; ആറ് പേര്‍ കൂടി കൊല്ലപ്പെട്ടു

ബഗ്ദാദിലും നസ്‌റിയയിലും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കവിഞ്ഞു.

Update: 2019-10-27 05:46 GMT

ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. ബഗ്ദാദിലും നസ്‌റിയയിലും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കവിഞ്ഞു.

ശനിയാഴ്ച്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍സോണിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രക്ഷോഭകരെ തടയാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രധാന സര്‍ക്കാര്‍ ഓഫിസുകളും എംബസികളും സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഗ്രീന്‍ സോണ്‍.

ബഗ്ദാദില്‍ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗത്തിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. വടക്കന്‍ നഗരമായ നസ്‌റിയയില്‍ പോലിസ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാന നഗരത്തിനു ചുറ്റുമായി വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. നഗരം അതീവസംഘര്‍ഷഭരിതമാണ്.

സര്‍ക്കാര്‍ പുറത്തുപോകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനെത്തിയവര്‍ പലപ്പോഴായി ഗ്രീന്‍സോണിന്റെ ബാരിക്കേഡുകള്‍ മറികടന്ന് ഇരച്ചുകയറാന്‍ ശ്രമിച്ചു. ഇവരെ കണ്ണീര്‍ വാതകവും ഗ്രനേഡുകളും ഉപയോഗിച്ചാണ് പോലിസ് നേരിടുന്നത്. തൊഴില്‍രഹിതരായ യുവാക്കളാണ് പ്രധാനമായും പ്രക്ഷോഭ രംഗത്തുള്ളത്. തൊഴിലും മെച്ചപ്പെട്ട സേവനങ്ങളും ആവശ്യപ്പെട്ടാണ് ഇവര്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞത്.

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരേ ഒക്ടോബര്‍ ആദ്യത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രതിഷേധം. പ്രക്ഷോഭത്തെ തോക്കുകള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള പോലിസ് ശ്രമത്തില്‍ 149 പേര്‍ ഈ മാസം ആദ്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

Tags: