ഇറ്റലിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴ് മരണം

Update: 2022-06-12 03:46 GMT

റോം: ഇറ്റലിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. രണ്ടുദിവസം മുമ്പാണു കോപ്റ്റര്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ലൂക്കയില്‍നിന്നു വടക്കന്‍ നഗരമായ ട്രെവിസോയിലേക്കുപോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ മലഖേലയില്‍ കോപ്റ്റര്‍ തകര്‍ന്നുവീണതായി ടസ്‌കാനി റീജന്‍ ഗവര്‍ണര്‍ യൂജീനിയോ ജിനായി സ്ഥിരീകരിച്ചു. ഏഴുപേരാണു കോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ നാലു തുര്‍ക്കി വ്യവസായികളും രണ്ട് ലെബനീസ് പൗരന്‍മാരും ഉള്‍പ്പെടുന്നു. ഇറ്റലിയിലേക്കുള്ള ബിസിനസ് യാത്രയിലായിരുന്നു ഇവര്‍.

ആദ്യം അഞ്ചുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ആണ് രക്ഷാപ്രവര്‍ത്തകര്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. പ്രദേശത്തെ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് റിപോര്‍ട്ടുകള്‍. ടസ്‌കാനിയുടെയും എമിലിയ റൊമാഗ്‌ന മേഖലയുടെയും അതിര്‍ത്തിയിലുള്ള പര്‍വതപ്രദേശത്താണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രോസിക്യൂട്ടര്‍മാര്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്. വടക്കന്‍ ഇറ്റലിയിലെ തീന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് എയറോനോട്ടിക് മെയിന്റനന്‍സ് കമ്പനിയായ ഏവിയോ ഹെലികോപ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് എഎന്‍എസ്എ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Tags: