ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതി: സനത് ജയസൂര്യയ്ക്ക് രണ്ടുവര്‍ഷത്തെ വിലക്ക്

ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അഴിമതി വിരുദ്ധ സമിതി നടത്തിവരുന്ന അന്വേഷണത്തോട് ജയസൂര്യ സഹകരിക്കാത്തതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2019-02-27 01:25 GMT

കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സനത് ജയസൂര്യയ്ക്ക് ഐസിസി രണ്ടുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഐസിസിയുടെ അഴിമതി വിരുദ്ധചട്ടം ലംഘിച്ചതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടി. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അഴിമതി വിരുദ്ധ സമിതി നടത്തിവരുന്ന അന്വേഷണത്തോട് ജയസൂര്യ സഹകരിക്കാത്തതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജയസൂര്യ ലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടുകളാണ് ഐസിസി അന്വേഷിക്കുന്നത്.

രണ്ടുകുറ്റങ്ങളാണ് താരത്തിനെതിരെ അഴിമതി വിരുദ്ധ സമിതി ചുമത്തിയിരുന്നത്. എന്നാല്‍, താരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം വൈകിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നുമായിരുന്നു കണ്ടെത്തല്‍. 2021വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ജയസൂര്യ സഹകരിക്കരുതെന്നാണ് ഐസിസിയുടെ നിര്‍ദേശം. ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഭരണപരമായ കാര്യങ്ങളിലും താരത്തിന് ഇനി ഇടപെടാനാവില്ല. 1996 ല്‍ ശ്രീലങ്കയ്ക്ക് വേള്‍ഡ് കപ്പ് നേടിക്കൊടുക്കുന്നതില്‍ നെടുംതൂണായി നിന്ന ജയസൂര്യ 110 ടെസ്റ്റുകളും 445 ഏകദിനവും 31 ട്വന്റി-20യും കളിച്ചിട്ടുണ്ട്.




Tags: