സിസിലി: ഇറ്റാലിയന്‍ നഗരമായ സിസിലിയില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്ന നാല് റസിഡന്‍ഷ്യല്‍ കെട്ടിട അവശിഷ്ടങ്ങളില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സിസിലിയിലെ റാവനുസയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് നൂറോളം പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. ഒമ്പത് മാസം ഗര്‍ഭിണിയായ ഒരു നഴ്‌സ് ഉള്‍പ്പെടെയുള്ള നാല് മൃതദേഹങ്ങള്‍ സ്‌നിഫര്‍ ഡോഗ്‌സ് കണ്ടെത്തി.
കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു. വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ നാല് വീടുകള്‍ തകരുകയും മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. അപകടനിലയിലായ കെട്ടിടങ്ങള്‍ വീണ്ടും തകരാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധയോടെയാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. ഇത് അഗ്‌നിശമന സേനാംഗങ്ങളെയും മാത്രമല്ല, ഞങ്ങള്‍ തിരയുന്ന ആളുകളെയും ബാധിക്കും- ഫയര്‍ സര്‍വീസ് വക്താവ് ലൂക്കാ കാരി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രീക്ക് ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട തെക്കുപടിഞ്ഞാറന്‍ സിസിലിയന്‍ നഗരമായ അഗ്രിജന്റോയ്ക്ക് സമീപമുള്ള 11,000ഓളം ആളുകള്‍ താമസിക്കുന്ന ഒരു പട്ടണമാണ് റാവനുസ.