വ്ളാഡിമിര്‍ പുടിന്‍ ഹമാസിനേക്കാള്‍ ശക്തന്‍; കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ട്രംപിനോട് സെലന്‍സ്‌കി
വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കി. ഉക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നേതൃത്വത്തില്‍ പുടിനുമായി ബുഡാപെസ്റ്റില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് സെലന്‍സ്‌കിയുടെ ആവശ്യം. ബുഡാപെസ്റ്റില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
എന്‍ബിസി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സെലന്‍സ്‌കിയുടെ പ്രതികരണം. വെടിനിര്‍ത്തലിലേക്ക് ഹമാസിനെ എത്തിക്കാന്‍ ചെലുത്തിയതിനേക്കാള്‍ കനത്ത സമ്മര്‍ദം പുടിനുമേല്‍ പ്രയോഗിക്കേണ്ടതിന്റെ ആവശ്യകതയും സെലെന്‍സ്‌കി വ്യക്തമാക്കി. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തേക്കാള്‍ വലുതാണ് ഉക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധമെന്നും അദ്ദേഹം പറഞ്ഞു.
'പുടിന്‍ ഹമാസിനേക്കാള്‍ ശക്തനാണ്. അതിനാല്‍ തന്നെ കൂടുതല്‍ സമ്മര്‍ദം ആവശ്യമാണ്. ഉക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തേക്കാള്‍ വലുതാണ്. റഷ്യ ലോകത്തെ രണ്ടാമത്തെ വലിയ സൈനികശക്തിയാണ്'- സെലന്‍സ്‌കി പറഞ്ഞു.യുഎസ് ടോമഹോക്ക് മിസൈലുകള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന് ടോമാഹോക്കുകള്‍ നല്‍കാനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞിരുന്നില്ല. ഉക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി ബുഡാപെസ്റ്റില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇരു നേതാക്കളെയും ഉള്‍പ്പെടുത്തി കൂടിക്കാഴ്ച നടത്താനുള്ള ട്രംപിന്റെ മുന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഉക്രെയ്നിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ റഷ്യന്‍ ആക്രമണങ്ങള്‍ തീവ്രമായതിന്റെ പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനം.
