പാരിസില്‍ ഫലസ്തീന്‍ അനുകൂല മാര്‍ച്ചിന് നേരെ പോലിസ് അതിക്രമം

ഫ്രാന്‍സില്‍ ഫലസ്തീന്‍ വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു

Update: 2021-05-15 19:11 GMT

പാരിസ്: ഫലസ്തീനുമേലുള്ള ഇസ്രായേല്‍ അധിനിവേശം ശക്തമാക്കിയതിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷം അതിരൂക്ഷമായി തുടരവെ ഫലസ്തീന് ഐക്യദാര്‍ഡ്യവുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ വൻ പ്രതിഷേധം. ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നു.

ഫ്രാന്‍സില്‍ പാരിസില്‍ നടന്ന പ്രതിഷേധത്തിന് നേരെ പോലിസ് അതിക്രമം ഉണ്ടായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫ്രാന്‍സില്‍ ഫലസ്തീന്‍ വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇത് മറി കടന്നായിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കിയും ടിയര്‍ ഗ്യാസുകളും പ്രയോഗിച്ചു.

2014 ല്‍ ഗസയിലെ ഇസ്രായേല്‍ സൈനികാക്രമണങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ നടന്ന ഫലസ്തീന്‍ അനുകൂല മാര്‍ച്ച് രാജ്യത്ത് വലിയ സംഘര്‍ഷമാണുണ്ടാക്കിയത്. രാജ്യത്തെ ജൂതരും മുസ്ലിംകളും തമ്മില്‍ അന്ന് സംഘട്ടനങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പാരീസില്‍ പാലസ്തീന്‍ അനുകൂല മാര്‍ച്ച് വിലക്കിയതെന്നാണ് വിശദീകരണം. 

Similar News