യുഎസ്‌ കാംപസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു; സര്‍വകലാശാലകളില്‍ വ്യാപക അറസ്റ്റ്‌

Update: 2024-04-25 10:48 GMT

വാഷിങ്ടണ്‍: ഗസയില്‍ ഫലസ്തീന്‍കാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം ആളിപ്പടരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധം ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലേക്ക് വ്യാപിച്ചു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പോലിസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്.

ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ കാംപസില്‍ 34 വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഒരു ഫലസ്തീനി വിദ്യാര്‍ഥി നേതാവിനെ അറസ്റ്റ് ചെയ്തു. ഇവിടെ പോലിസ് വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തി വീശുകയും ചെയ്തു.

ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും വന്‍ പ്രതിഷേധത്തിലാണ്. സര്‍വകലാശാലാ വളപ്പില്‍ ടെന്റുകള്‍ കെട്ടി താമസിച്ചാണ് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. നേരത്തേ പഴയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ യാര്‍ഡ് കാംപസിലേക്കുള്ള പ്രവേശനം തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ കാംപസില്‍ ടെന്റുകള്‍ കെട്ടിയത്.

Tags: