പാകിസ്താനില്‍ റാലിക്ക് നേരെ സായുധ ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ബൈക്കിലെത്തിയ അക്രമിയെ പോലിസ് തടഞ്ഞുവെച്ചെങ്കിലും തട്ടിമാറ്റി റാലിക്ക് നേരെ പാഞ്ഞടുക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Update: 2020-02-18 07:51 GMT

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ റാലിക്ക് നേരെയുണ്ടായിരുന്ന സായുധ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.

ക്വറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയായിരുന്നു ആക്രമണം. ആക്രമിയെ തടയാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍. പോലിസ് ബാരിക്കേഡിന് സമീപത്താണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഹ്‌ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച പരിപാടിക്ക് സമീപമാണ് ആക്രമണമുണ്ടായതെന്ന് സൗത്ത് വെസ്‌റ്റേണ്‍ ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി സിയ ലംഗോവ് മാധ്യമങ്ങളോട് പറഞ്ഞു.

ബൈക്കിലെത്തിയ അക്രമിയെ പോലിസ് തടഞ്ഞുവെച്ചെങ്കിലും തട്ടിമാറ്റി റാലിക്ക് നേരെ പാഞ്ഞടുക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Tags: