വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Update: 2020-02-02 05:22 GMT

ഇസ് ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബില്‍ വന്‍തോതില്‍ വിളകളെ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നാണ് റിപോര്‍ട്ട്. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷം കോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിയും യോഗത്തില്‍ അംഗീകരിച്ചു.

    രാജ്യത്ത് വെട്ടുകിളി ആക്രമണം തടയാനും വിളനാശം ഒഴിവാക്കാനും ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നും ഇംറാന്‍ ഖാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വെട്ടുകിളി ആക്രമണം പാകിസ്താനില്‍ ആദ്യമായി കണ്ടെത്തിയത് 2019 മാര്‍ച്ചിലാണ്. പിന്നീട് സിന്ധ്, ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ 900,000 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിച്ചു. ദശലക്ഷക്കണക്കിന് രൂപയുടെ വിളകളും മരങ്ങളുമാണ് നശിപ്പിച്ചത്.




Tags: