റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം; മരണവും പലായനവും തുടരുന്നു

ഫെബ്രുവരി 24നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ യുക്രെയ്‌നില്‍ സമ്പൂര്‍ണ്ണ അധിനിവേശത്തിന് തുടക്കമിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് ദര്‍ശിച്ച ഏറ്റവും വലിയ സൈനിക നടപടികളിലൊന്നായിരുന്നു ഇത്.

Update: 2022-03-24 02:19 GMT

കീവ്: ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുകയും ദശലക്ഷക്കണക്കിനു പേരെ അഭയാര്‍ഥികളാക്കി മാറ്റുകയും ചെയ്ത യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം. ഫെബ്രുവരി 24നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ യുക്രെയ്‌നില്‍ സമ്പൂര്‍ണ്ണ അധിനിവേശത്തിന് തുടക്കമിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് ദര്‍ശിച്ച ഏറ്റവും വലിയ സൈനിക നടപടികളിലൊന്നായിരുന്നു ഇത്. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകള്‍ മൂന്നാംലോക യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയും ഇതോടൊപ്പം ഉയര്‍ന്നിരുന്നു.

റഷ്യന്‍ ആക്രമണങ്ങളില്‍ മരിയുപോളിലും കീവിലും ഉള്‍പ്പടെ നിരവധി പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോള്‍ പ്രേതനഗരമായി മാറിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്.

മരിയുപോളില്‍ മാത്രം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ന്‍ പറയുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേര്‍ മരിയുപോളില്‍ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നില്‍ നിന്ന് ഇതുവരെ ഒരു കോടിയോളം ജനങ്ങള്‍ പാലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ചെര്‍ണോബില്‍ ആണവനിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യം തകര്‍ത്തിരുന്നു. യുക്രെയ്ന്‍ സ്റ്റേറ്റ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകര്‍ന്നത് വന്‍ ആശങ്കയാണ് ഉയത്തുന്നത്. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിര്‍മ്മിച്ച പുതിയ ലാബാണിത്.

അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷന്‍ അളക്കുന്ന സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതായി യുക്രെയ്‌ന്റെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സി അറിയിച്ചിരുന്നു.യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലന്‍സ്‌കി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News