തീവ്രലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ കൊവിഡ് വീണ്ടും വരാന്‍ സാധ്യതയെന്ന് പഠനം

കഴിഞ്ഞ ഒരാഴ്ച കൊറിയില്‍ മാത്രം 150 പേര്‍ക്കാണ് വീണ്ടും രോഗം റിപോര്‍ട്ട് ചെയ്തത്

Update: 2020-04-20 12:15 GMT

ന്യൂഡല്‍ഹി: വലിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ സുഖം പ്രാപിച്ച കൊവിഡ് രോഗികളില്‍ വീണ്ടും രോഗം വരുമെന്ന് പഠനം. അത്തരത്തിലുള്ളവരുടെ ശരീരത്തില്‍ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി പൂര്‍ണമായി വികസിക്കാത്തതു കൊണ്ടാണെന്നാണ് കണ്ടെത്തല്‍. വൈറസിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഇത്തരത്തിലൊരു നിരീക്ഷണം മുന്നോട്ട് വെച്ചത്.

ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗികളുടെ ശ്വസനനാളിയുടെ ഉപരിതലത്തിലുള്ള കോശങ്ങളില്‍ മാത്രമാണ് വൈറസ് പടരുന്നത്. അതുകൊണ്ടു തന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ പൂര്‍ണമായി വികസിപ്പിക്കാന്‍ ശരീരത്തിന് സാധിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വഴി മനസിലായതെന്ന് ഹോങ്കോങ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ജോണ്‍ നിക്കോള്‍സ് അഭിപ്രായപ്പെട്ടു.

വൈറസ് പോലുള്ള രോഗം വരുത്തുന്ന അന്യവസ്തുക്കള്‍ ശരീരത്തിലെത്തുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ ശരീരം സ്വയം സജ്ജമാകും. അതിനായി ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡികള്‍ രോഗം ഭേദമായ ശേഷവും നമ്മുടെ ശരീരത്തില്‍ സജീവമായി തുടരും. അവ ശരീരത്തില്‍ ഒരു സംരക്ഷണ കവചം തീര്‍ക്കുകയും അതുവഴി വീണ്ടും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

എന്നാല്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിച്ച രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ രോഗത്തെ തടുക്കാന്‍ ശേഷിയുള്ള ആന്‍ഡിബോഡി രൂപപ്പെടുന്നതായി കണ്ടില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഈ രോഗികള്‍ക്ക് വീണ്ടും രോഗം വരാന്‍ സാധ്യതയുണ്ടെന്ന് നിക്കോള്‍സ് അഭിപ്രായപ്പെട്ടു.

വൈറസ് വീണ്ടും ശരീരത്തില്‍ പ്രവേശിക്കുന്നതും പരിശോധന തെറ്റി നെഗറ്റീവ് റിസല്‍ട്ട് കാണിക്കുന്നതുമാണ് രോഗം ബാധിച്ചവരില്‍ വീണ്ടും രോഗം റിപോര്‍ട്ട് ചെയ്യാന്‍ കാരണമെന്നാണ് ഇതുവരെ അനുമാനിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ച കൊറിയില്‍ മാത്രം 150 പേര്‍ക്കാണ് വീണ്ടും രോഗം റിപോര്‍ട്ട് ചെയ്തത്. 

Similar News