വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്

Update: 2024-05-06 06:42 GMT

ന്യൂയോര്‍ക്ക്: ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. മേയ് ഏഴിന് ഫ്‌ലോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍നിന്നാണ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തിരികെ വീട്ടിലേക്ക് പോകുന്ന പ്രതീതിയാണെന്ന് സുനിത എന്‍ഡിടിവിയോട് പറഞ്ഞു. നാസയിലെ ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനറില്‍ സുനിതയ്‌ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങള്‍ക്ക് സ്റ്റാര്‍ലൈനര്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേര്‍ന്നുള്ള ഈ പരീക്ഷണം.

58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു. 2007 ജൂണ്‍ 22 വരെ അവര്‍ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012ല്‍ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍പ്പോയ അവര്‍ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവില്‍ ഏറ്റവും കൂടുതല്‍സമയം ബഹിരാകാശത്തുനടന്ന വനിത.

നാസയുടെ കണക്കുപ്രകാരം ഇതുവരെയായി സുനിതാ വില്യംസ് 322 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതിയും സുനിതയുടെ പേരിലാണ്.

Tags:    

Similar News