ഇസ്രായേലി പോലിസ് ഖുബ്ബതുസ്സഹ്‌റ അടച്ചു; ഫലസ്തീനികള്‍ പ്രാര്‍ഥിക്കുന്നത് തടഞ്ഞു

ഒരു ഇസ്രായേലി പോലിസ് ഉദ്യോഗസ്ഥന്‍ ജൂതന്‍മാര്‍ ഉപയോഗിക്കുന്ന തൊപ്പി ധരിച്ച് മസ്ജിദിനകത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

Update: 2019-01-14 16:54 GMT

ജറുസലേം: ജറുസലേമിലെ ഖുബ്ബതുസ്സഹ്‌റ(ഡോം ഓഫ് ദി റോക്ക്) ആരാധനാലയം ഇസ്രായേലി പോലിസ് അഞ്ച് മണിക്കൂര്‍ നേരം അടച്ചിട്ടു. മുസ്ലിംകള്‍ പ്രാര്‍ഥനയ്ക്കായി അകത്തേക്കു പ്രവേശിക്കുന്നത് തടഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.

ഒരു ഇസ്രായേലി പോലിസ് ഉദ്യോഗസ്ഥന്‍ ജൂതന്‍മാര്‍ ഉപയോഗിക്കുന്ന തൊപ്പി ധരിച്ച് മസ്ജിദിനകത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഖുബ്ബതുസ്സഹ്‌റയുടെ പാറാവുകാര്‍ ഇത് തടഞ്ഞു. മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള മസ്ജിദില്‍ ജൂതന്മാര്‍ പ്രവേശിക്കുന്നത് അനുവദിക്കാറില്ലെന്നതിനാലാണ് തടഞ്ഞതെന്ന് തൊട്ടടുത്തുള്ള മസ്ജിദുല്‍ അഖ്‌സയുടെ മാനേജര്‍ അബ്ദുല്ല അബാദി പറഞ്ഞു. തുടര്‍ന്ന് ഇസ്രായേലി സൈനിക പോലിസെത്തി മസ്ജിദ് അടച്ചിട്ട് വിശ്വാസികള്‍ അകത്ത് പ്രവേശിക്കുന്നത് തടയുകയായിരുന്നു. അല്‍അഖ്‌സ കോംപൗണ്ടിന് പാറാവ് നില്‍ക്കുന്ന 14 പേരെ മസ്ജിദിനകത്ത് അടച്ചിടുകയും ചെയ്തു. ലുഐ അബൂ അല്‍സഅദ്, ഫആദി എലിയാന്‍, യഹ്യ ഷെഹാദെ എന്നീ ഗാര്‍ഡുകളെയും ഫത്ഹ് അംഗം അവദ് ഇസ്ലാമിയെയും പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിവരമറിഞ്ഞ് ഫല്‌സ്തീന്‍കാര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറിന് ശേഷം മസ്ജിദ് തുറന്നുകൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  

ജറുസലേം പഴയ നഗരത്തിലുള്ള അല്‍അഖ്‌സ കോംപൗണ്ടിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ് ഖുബ്ബതുസ്സഹ്‌റ. ഉമയ്യദ് ഖലീഫ അബ്ദുല്‍ മലികിന്റെ ഉത്തരവ് പ്രകാരം 691ല്‍ നിര്‍മിച്ചതാണ് ഈ മസ്ജിദ്.



Tags:    

Similar News