ബന്ദികളെ മോചിപ്പിക്കാന്‍ ഉടനടി കരാര്‍ വേണം; ഇസ്രയേലില്‍ ആഭ്യന്തര പ്രതിഷേധം, തെരുവിലിറങ്ങി സ്ത്രീകള്‍

ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാന്‍ ഉടനടി കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Update: 2024-01-25 13:40 GMT

ടെല്‍ അവീവ്: 100 ദിവസവും പിന്നിട്ട് ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരവേ ഇസ്രയേലില്‍ ആഭ്യന്തര പ്രതിഷേധം. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാന്‍ ഉടനടി കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാജ്യത്തുടനീളം പ്രധാന ഹൈവേകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

ടെല്‍ അവീവിലെ കപ്ലാന്‍ ഇന്റര്‍ചേഞ്ചില്‍ ഏകദേശം 5,000 പ്രതിഷേധക്കാര്‍ ഒത്തുകൂടി, എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാനുള്ള കരാര്‍ വേണമെന്നായിരുന്നു ആവശ്യം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജറുസലേമിലെ കിംഗ് ജോര്‍ജ്ജ് സ്ട്രീറ്റിലും പ്രകടനമുണ്ടായി. 'ഞങ്ങളുടെ സഹോദരിമാര്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ ഞങ്ങള്‍ സ്ത്രീകള്‍ തെരുവിലിറങ്ങുന്നു'വെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.

അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേല്‍ തടവിലാക്കിയ ആയിരക്കണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. ഒക്ടോബര്‍ 7 ലെ ആക്രമമത്തിന് ശേഷം തടവിലാക്കപ്പെട്ട ഹമാസുകാരും ഇക്കൂട്ടത്തിലുണ്ട്. ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും ഗാസയില്‍ നിന്ന് എല്ലാ ഇസ്രായേല്‍ സേനകളെയും സ്ഥിരമായി പിന്‍വലിക്കണമെന്നുമാണ് ഹമാസിന്റെ ആവശ്യം.

'ഇനി മിണ്ടാതിരിക്കാനാവില്ല. ഞങ്ങള്‍ ഒന്നിച്ചു തെരുവിലിറങ്ങുകയാണ്. ഞങ്ങള്‍ക്ക് വേദനയും ദേഷ്യവും വരുന്നു. പക്ഷേ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാനുള്ള കരാറിനായി മന്ത്രിസഭയോട് അഭ്യര്‍ത്ഥിക്കുന്നു' സ്ത്രീകള്‍ പറഞ്ഞു.

ഹമാസിന്റെ ആക്രമമത്തില്‍ ഇസ്രയേലില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. 253 പേരെ ഹമാസ് ബന്ദികളാക്കി. ഇവരില്‍ 105 പേരെ ഉടമ്പടി പ്രകാരം ഹമാസ് മോചിപ്പിച്ചു. ഇസ്രയേലിന്റെ ആക്രമമത്തില്‍ 25,000ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പതിനായിരത്തിലധികം കുഞ്ഞുങ്ങളുണ്ട്.

Tags:    

Similar News