ശെയ്ഖ് ജര്‍റാഹില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ഭവനം ഇടിച്ചുനിരത്തി; കുടുംബാംഗങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം

കുടുംബത്തിന്റേയും പ്രദേശവാസികളുടേയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് സൈനിക അകമ്പടിയോടെ ഫലസ്തീന്‍ കുടുംബം തലമുറകളായി താമസിച്ച് വരുന്ന വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തെറിഞ്ഞത്.

Update: 2022-01-19 13:11 GMT

ശെയ്ഖ് ജര്‍റാഹ്(ജെറുസലേം): അധിനിവേശ കിഴക്കന്‍ ജറുസലേമിന്റെ പ്രാന്തഭാഗത്തുള്ള ശെയ്ഖ് ജര്‍റാഹില്‍ ഒരു ഫലസ്തീന്‍ കുടുംബത്തിന്റെ വീട് ഇസ്രായേല്‍ സൈന്യം ഇടിച്ചുനിരത്തി. കുടുംബത്തിന്റേയും പ്രദേശവാസികളുടേയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് സൈനിക അകമ്പടിയോടെ ഫലസ്തീന്‍ കുടുംബം തലമുറകളായി താമസിച്ച് വരുന്ന വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തെറിഞ്ഞത്. സ്‌ഫോടനത്തിലൂടെ വീടുതകര്‍ക്കുമെന്ന് ദിവസങ്ങളായി അധിനിവേശ സൈന്യം ഭീഷണിപ്പെടുത്തിവരികയായിരുന്നു.

ഇതിനെതിരേ കുടുംബവും പ്രദേശവാസികളും ശക്തമായ പ്രതിഷേധമുയര്‍ത്തി വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ഇസ്രായേല്‍ പോലീസും പ്രത്യേക സേനയും സല്‍ഹിയ്യയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചുറ്റുമുള്ള പ്രദേശം നിയന്ത്രണത്തിലാക്കുകയും ചെയ്തു.

തങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഡസന്‍ കണക്കിന് സായുധ സൈനികര്‍ വാതില്‍ തകര്‍ത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിക്കുകയും ഗൃഹനാഥന്‍ മഹ്മൂദ് സാല്‍ഹിയ്യ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കുടുംബം അല്‍ ജസീറയോട് പറഞ്ഞു. കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീട്ടില്‍ സന്നിഹിതരായിരുന്ന 18 ഫലസ്തീനികളെയും സയണിസ്റ്റ് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ സുബഹി ബാങ്കിന്റെ സമയത്താണ് വീട് പൊളിക്കാന്‍ ആരംഭിച്ചത്. 18 പേരടങ്ങുന്ന കുടുംബം ഇപ്പോള്‍ ഭവനരഹിതരാണ്.

സമീപപ്രദേശങ്ങളിലെ താമസക്കാര്‍ക്കായി ഒരു പ്രത്യേക വിദ്യാഭ്യാസ സ്‌കൂള്‍ പണിയുന്നതിനായാണ് ഭവനം പൊളിച്ചതെന്നാണ് ഇസ്രായേല്‍ ഭാഷ്യം.

ഇസ്രായേലി സൈന്യം തങ്ങളുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും വീട്ടിലും പരിസരത്തും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതായി കുടുംബാംഗമായ യാസ്മിന്‍ സാല്‍ഹിയ്യ (19) പറഞ്ഞു. 50 ഓളം ഉദ്യോഗസ്ഥര്‍ വീട് റെയ്ഡ് ചെയ്യുകയും കുടുംബത്തിലെ പുരുഷന്മാരെ മര്‍ദിക്കുകയും ചെയ്തു. തന്റെ അമ്മായിയെയും അവര്‍ വെറുതെവിട്ടില്ലെന്ന് അവര്‍ അല്‍ ജസീറയോട് പറഞ്ഞു.


'അവര്‍ എന്റെ പിതാവിനെ കിടക്കയില്‍ നിന്ന് വലിച്ചിറക്കി, എന്റെ സഹോദരന്മാരും കസിന്‍സിനേയും അവര്‍ മര്‍ദ്ദിച്ചു. അവരെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് 'അവര്‍ക്ക് വസ്ത്രം ധരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും അവള്‍ പറഞ്ഞു.

പൊളിക്കുന്ന സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ച പ്രദേശവാസികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം ബുള്ളറ്റുകള്‍ പ്രയോഗിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇതു കാരണമായതായും യാസ്മീന്‍ കൂട്ടിച്ചേര്‍ത്തു. സൈറ്റില്‍ എത്തുന്നതില്‍ നിന്ന് ആംബുലന്‍സുകളെ തടഞ്ഞതായി ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോകള്‍ കാണിക്കുന്നു.

കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്രായേലി കോടതിയുടെ അന്തിമ വാദം കേള്‍ക്കല്‍ ഈ മാസം 23നാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് സൈന്യത്തിന്റെ അകമ്പടിയോടെയെത്തി വീട് തകര്‍ത്തത്. അധിനിവേശ പ്രദേശത്ത് നിര്‍ബന്ധിത കുടിയിറക്കല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണ്.

Tags:    

Similar News