ബഹ്‌റയ്‌നില്‍ 11 വര്‍ഷമായി ഇസ്രായേലിന്റെ രഹസ്യ എംബസി പ്രവര്‍ത്തിക്കുന്നുവെന്ന് റിപോര്‍ട്ട്

വാണിജ്യ കണ്‍സള്‍ട്ടിങ് സ്ഥാപനമായി ലിസ്റ്റുചെയ്തിട്ടുള്ള ഒരു മുന്‍നിര കമ്പനി വഴിയാണ് ഇസ്രായേല്‍ ബഹ്‌റയ്‌നില്‍ രഹസ്യ നയതന്ത്രം നടത്തിവന്നത്. 2009 ജൂലൈ 13നാണ് ബഹ്റെയ്‌നില്‍ 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ്' എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കമ്പനിയെ മറയാക്കിയാണ് ഇസ്രായേല്‍ ബഹ്‌റെയ്‌നില്‍ നയതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

Update: 2020-10-22 11:39 GMT

തെല്‍ അവീവ്: ഒരു ദശാബ്ദത്തിലേറെയായി ബഹ്‌റയ്‌നില്‍ ഇസ്രായേലിന്റെ രഹസ്യ എംബസി പ്രവര്‍ത്തിച്ചുവരുന്നതായി റിപോര്‍ട്ട് പുറത്തുവന്നു. ആക്‌സിയോസ്.കോം റിപോര്‍ട്ടര്‍ ബരാക് രാവിഡിന്റെ പ്രതിവാര റിപോര്‍ട്ടിലാണ് ഇസ്രായേലിന്റെ രഹസ്യ എംബസിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇയ്ക്ക് പിന്നാലെ ഇസ്രായേലുമായി അബ്രഹാം ഉടമ്പടിയിലൂടെ ബഹ്‌റെയ്ന്‍ നയതന്ത്രബന്ധം സ്ഥാപിച്ചത് വലിയ ചുവടുവയ്പ്പാണെന്നായിരുന്നു വാര്‍ത്തകള്‍. അതിനിടെയാണ് ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമയില്‍ 11 വര്‍ഷമായി ഇസ്രായേല്‍ രഹസ്യ എംബസി നടത്തിവരുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. 

വാണിജ്യ കണ്‍സള്‍ട്ടിങ് സ്ഥാപനമായി ലിസ്റ്റുചെയ്തിട്ടുള്ള ഒരു മുന്‍നിര കമ്പനി വഴിയാണ് ഇസ്രായേല്‍ ബഹ്‌റയ്‌നില്‍ രഹസ്യ നയതന്ത്രം നടത്തിവന്നത്. 2009 ജൂലൈ 13നാണ് ബഹ്‌റയ്‌നില്‍ 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ്' എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കമ്പനിയെ മറയാക്കിയാണ് ഇസ്രായേല്‍ ബഹ്‌റയ്‌നില്‍ നയതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. മാര്‍ക്കറ്റിങ്, വാണിജ്യ പ്രമോഷന്‍, നിക്ഷേപസേവനങ്ങള്‍ തുടങ്ങിയവയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. 2013 ല്‍ കമ്പനിയുടെ പേര് മാറ്റി. സുരക്ഷാകാരണങ്ങളാല്‍ നിലവിലെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ലേഖകന്‍ പറയുന്നു.

ഗള്‍ഫിലെ എണ്ണ ഇതര നിക്ഷേപങ്ങളില്‍ താല്‍പര്യമുള്ള പാശ്ചാത്യകമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നുവെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ വിശദീകരിക്കുന്നത്. പ്രധാനമായും മെഡിക്കല്‍ ടെക്‌നോളജി, റിന്യൂവബിള്‍ എനര്‍ജി, ഭക്ഷ്യസുരക്ഷ, ഐടി എന്നീ മേഖലകളിലാണ് കമ്പനി സേവനം നല്‍കിവരുന്നത്. ബഹ്‌റയ്‌നില്‍ വ്യാപകമായി കമ്പനിയുടെ ശക്തമായ ശൃംഖലയുള്ളതിനാല്‍ ഇടനിലക്കാരുടെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുന്നു. പ്രത്യേകതരം ജീവനക്കാരെയായിരുന്നു കമ്പനിയില്‍ നിയമിച്ചിരുന്നത്.

ഇരട്ടപൗരത്വമുള്ള ഇസ്രായേലി നയതന്ത്രജ്ഞര്‍ മാത്രമായിരുന്നു കമ്പനിയിലെ ജീവനക്കാര്‍. പൊതുരേഖകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓഹരിയുടമകളിലൊരാളായ ബ്രെറ്റ് ജോനാഥന്‍ മില്ലര്‍ ദക്ഷിണാഫ്രിക്കക്കാരനാണ്. പക്ഷേ, പിന്നീട് അദ്ദേഹത്തെ മുംബൈയിലേക്ക് ഇസ്രായേല്‍ കോണ്‍സല്‍ ജനറലായി നിയമിച്ചു. മറ്റൊരു വിദേശ ഓഹരി ഉടമ ബെല്‍ജിയന്‍ പൗരനായ ഇദോ മൊയ്ദ് ആയിരുന്നു. അദ്ദേഹം ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ സൈബര്‍ കോ-ഓഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നു. കമ്പനിയുടെ ബോര്‍ഡില്‍ ബ്രിട്ടീഷ് പൗരനും ഇപ്പോള്‍ ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ ഇലന്‍ ഫ്‌ളസുമുണ്ടായിരുന്നു.

2018 ലാണ് കമ്പനി ഒരു പുതിയ സിഇഒയെ നിയമിക്കുന്നത്. ഇദ്ദേഹം അമേരിക്കന്‍ പൗരനായ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. അടുത്തിടെ അദ്ദേഹത്തെ മാറ്റി. അതേസമയം, ബഹ്‌റയ്ന്‍ ഉദ്യോഗസ്ഥരുടെ ഒരു ചെറിയസംഘത്തിന് ഇസ്രായേലിന്റെ രഹസ്യദൗത്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം. 2007-2008ല്‍ അന്നത്തെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സി പി ലിവ്നിയും ബഹ്‌റയ്ന്‍ വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ രഹസ്യ നയതന്ത്ര ദൗത്യമെന്ന ആശയം മുന്നോട്ടുവച്ചിരുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: