ഇമ്രാന് വിഷം നല്‍കിയേക്കും, ജയില്‍ മാറ്റണം; ബി ക്ലാസ്സ് സൗകര്യം നല്‍കണം: ഭാര്യ

തോഷഖാന അഴിമതിക്കേസില്‍ ഈ മാസം 5നാണ് ഇമ്രാന്‍ ഖാനെ ജയിലില്‍ അടച്ചത്.

Update: 2023-08-20 09:01 GMT

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സുരക്ഷിതനല്ലെന്ന് ഭാര്യ ബുഷ്റ ബീബി. ഇമ്രാന് ജയിലില്‍ വിഷം നല്‍കിയേക്കുമെന്നും ജയില്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ബുഷ്റ ബീബി പാക്ക് പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവിലുള്ളതെന്നാണ് ബുഷ്റ കത്തില്‍ പറയുന്നത്. ഇമ്രാന്‍ ഒക്സ്ഫോര്‍ഡില്‍ നിന്ന് ബിരുദം നേടിയ ആളാണെന്നും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്നെന്നും അതിനാല്‍ ജയിലില്‍ ബി-ക്ലാസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ബുഷ്റ ആവശ്യപ്പെടുന്നു.നേരത്തേ ഇമ്രാന് നേരെ രണ്ട് തവണ വധശ്രമമുണ്ടായിട്ടും പ്രതികളെ പിടികൂടിയില്ലെന്നും ബുഷ്റ ആരോപിച്ചു. ജയില്‍ നിയമമനുസരിച്ച് ജയിലിലടച്ച് 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തണമെന്നും എന്നാല്‍ 12 ദിവസങ്ങളായിട്ടും ഇത് നടപ്പിലായിട്ടില്ലെന്നും ബുഷ്റ കൂട്ടിച്ചേര്‍ത്തു.

ഇമ്രാന് വിഷം നല്‍കിയേക്കുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫും (പിടിഐ) ആശങ്ക അറിയിച്ചിരുന്നു. തോഷഖാന അഴിമതിക്കേസില്‍ ഈ മാസം 5നാണ് ഇമ്രാന്‍ ഖാനെ ജയിലില്‍ അടച്ചത്. 3 വര്‍ഷത്തെ ശിക്ഷയനുഭവിക്കണം.









Tags:    

Similar News