ഫലസ്തീന്‍ ശാസ്ത്രജ്ഞനെ മലേസ്യയില്‍വച്ച് വെടിവച്ച് കൊന്ന കേസിലെ പ്രതിയെ ഹമാസ് അറസ്റ്റ് ചെയ്തു

2018ല്‍ മലേസ്യയില്‍ നടന്ന ഫലസ്തീന്‍ ശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ ഭാഗവാക്കാവാന്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദാണ് ഇയാളെ നിയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബോസോമിനെ ഉദ്ധരിച്ച് ദ ന്യൂ അറബ് റിപോര്‍ട്ട് ചെയ്തു.

Update: 2022-01-10 09:01 GMT

 ഗസാ സിറ്റി: ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയും ഫലസ്തീന്‍ ശാസ്ത്രജ്ഞന്‍ ഫാദി അല്‍ബാത്ഷിനെ മലേസ്യയില്‍ വെച്ച് വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത ഫലസ്തീനി ഗസയില്‍ അറസ്റ്റിലായതായി ഹമാസ് നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2018ല്‍ മലേസ്യയില്‍ നടന്ന ഫലസ്തീന്‍ ശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ ഭാഗവാക്കാവാന്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദാണ് ഇയാളെ നിയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബോസോമിനെ ഉദ്ധരിച്ച് ദ ന്യൂ അറബ് റിപോര്‍ട്ട് ചെയ്തു.

ഗസയില്‍ ജനിച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയറും ഹമാസ് പ്രവര്‍ത്തകനുമായ ഫാദി അല്‍ബാത്ഷിനെ 2018ലാണ് പ്രഭാത പ്രാര്‍ത്ഥനയ്ക്കായി പോവുമ്പോള്‍ ക്വാലാലംപൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ വെടിവച്ച് കൊന്നത്. കൊലപാതകത്തില്‍ ഇസ്രായേലിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

പ്രതി അടുത്തിടെയാണ് ഗസയില്‍ എത്തിയതെന്ന് ഹമാസുമായി അടുപ്പമുള്ള സ്രോതസ്സ് വ്യക്തമാക്കി. അല്‍ബാത്ഷിനെ കൊല്ലാന്‍ നിയോഗിച്ച ഇസ്രായേലി ഉദ്യോഗസ്ഥനെ പണത്തിനായി വിളിച്ചതാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കോളിനിടെ, ഉദ്യോഗസ്ഥന്‍ അവനോട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ഗസയിലാണെന്നായിരുന്നു മറുപടി.

തുടര്‍ന്ന് ഹമാസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കോള്‍ കണ്ടെത്തുകയും ഇയാളുടെ ഒളിത്താവളം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഒളിയിടം റെയ്ഡ് ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊസാദ് നിയോഗിച്ച മറ്റൊരു വ്യക്തിയുമായി ചേര്‍ന്നാണ് മലേസ്യയില്‍വച്ച് ദൗത്യം പൂര്‍ത്തീകരിച്ചതെന്നും താനാണ് വെടിയുതിര്‍ത്തതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ മകന്റെ കൊലയാളിയെ ഗാസയില്‍ അറസ്റ്റ് ചെയ്തതില്‍ തങ്ങള്‍ തൃപ്തരാണെന്നും നീതി നടപ്പാക്കാന്‍ പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടതായും അല്‍ബാത്ഷിന്റെ കുടുംബം പറഞ്ഞു.

Tags:    

Similar News