പേര്‍ഷ്യന്‍ കവിയും, ഗണിതശാസ്ത്രജ്ഞനുമായ ഒമര്‍ ഖയ്യാമിനെ ആദരിച്ച് ഗൂഗിള്‍

Update: 2019-05-18 14:40 GMT

കോഴിക്കോട്: പേര്‍ഷ്യന്‍ കവിയും, ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ഒമര്‍ ഖയ്യാമിന് ഗൂഗിളിന്റെ ആദരം. 971ാം ജന്മദിനത്തിലാണ് ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍ ഒമര്‍ ഖയ്യാമിനെ ആദരിച്ചത്.

ഗിയാസുദ്ധീന്‍ അബുല്‍ ഫതാഹ് ഉമര്‍ ബിന്‍ ഇബ്രാഹീം ഖയ്യാം നിഷാബുരി എന്നാണ് ഒമര്‍ ഖയ്യാമിന്റെ മുഴുവന്‍ പേര്. 1048 മെയ് 18ല്‍ പേര്‍ഷ്യ നിഷാപുറില്‍ ജനനം. ഒമര്‍ അല്‍ഖയ്യാമി എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഗണിത ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ഒമര്‍ ഖയ്യാം വൈദഗ്ദ്യം നേടിയിരുന്നു. അക്കാലത്തെ ഗണിത ശാസ്ത്രത്തിനു ലഭിച്ച ഏറ്റവും ആധികാരിക ഗ്രന്ഥം ഒമര്‍ ആണ് രചിച്ചത്. തന്റെ ഇരുപതാമത്തെ വയസ്സില്‍ അദ്ദേഹം ഇസ്ഫഹാനിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്നു.

പേര്‍ഷ്യക്ക് പുറത്ത് ഒമര്‍ ഖയ്യാം അറിയപ്പെട്ടിരുന്നത് റുബാഇയ്യത്തുകള്‍ (നാലുവരി കവിതകള്‍) എന്ന തന്റെ കവിതകളിലൂടെയാണ്. എഡ്വേര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് എഴുതിയ റുബാഇയ്യത് ഓഫ് ഒമര്‍ ഖയ്യാം എന്ന പുസ്തകത്തിലൂടെ അദ്ദേഹം പാശ്ചാത്യ ലോകത്ത് പ്രശസ്തനായി.

1859 ലാണ് ഒമര്‍ഖയ്യാമിന്റെ റുബാഇയ്യത്തുകള്‍ ഇംഗ്ലീഷിലേക്ക് ആദ്യം മൊഴിമാറ്റുന്നത്. ഖയ്യാമിന്റെ 75 റുബാഇയ്യത് ആണ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ആദ്യവിവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. 1868,1872,1879,1889 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനപ്പതിപ്പുകള്‍ പുറത്തു വന്നു. 1882ല്‍ ഒമര്‍ ഖയ്യാമിന്റെ 250ാമത് റുബാഇയ്യത് എഡ്വേഡ് വിന്‍ഫീല്‍ഡ് വിവര്‍ത്തനം ചെയ്തു. മഹാകവി ജി ശങ്കരക്കുറുപ്പാണ് ഈ രചനകളുടെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചത്.

Tags:    

Similar News