അബ്ദുര്‍ റഹീമിൻെറ മോചനം; നടപടികൾ അന്തിമഘട്ടത്തിലേക്ക്, വിദേശകാര്യ മന്ത്രാലയത്തിന് ദയാ ധനം കൈമാറി

Update: 2024-05-23 14:43 GMT

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുര്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാ ധനം വിദേശ കാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. 34.35 കോടി രൂപയാണ് അബ്ദുര്‍ റഹീം നിയമസഹായ സമിതി കൈമാറിയത്. പണം കൈമാറിയതോടെ 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അവസാന ഘട്ടിലേക്ക് കടന്നു. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പുവയ്ക്കും. കൊല്ലപ്പെട്ട സൗദി പൗരന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവര്‍ഓഫ് അറ്റോണിയുള്ള അഭിഭാഷകനോ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാവും. ഒപ്പം അബ്ദുര്‍ റഹീമിന്റെ അഭിഭാഷകനും ഗവര്‍ണറേറ്റിലെത്തി കരാറില്‍ ഒപ്പുവയ്ക്കും. പിന്നീട് കരാര്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. കോടതി രേഖകള്‍ പരിശോധിച്ച് അന്തിമ നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്ന് റിയാദിലെ അബ്ദുര്‍റഹീം നിയമസഹായ സമിതി അറിയിച്ചു. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് നിയമസഹായ സമിതി.


സൗദി പൗരന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന അബ്ദുര്‍ റഹീം അവിടുത്തെ രോഗിയായ കുട്ടിയുടെ കഴുത്തില്‍ വച്ച ജീവന്‍ രക്ഷാ ഉപകരണം കൈതട്ടി കുട്ടി മരിച്ചു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുര്‍ റഹീമിന് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബം ദയാധനം നല്‍കിയാല്‍ മാപ്പ് നല്‍കുമെന്ന് അറിയിച്ചതോടെയാണ് സുമനസുകളില്‍ നിന്നുള്ള പൊതുധനസമാഹരണത്തിലൂടെ ദയാധനമായ 34.5 കോടിയോളം രൂപ സ്വരൂപിച്ചത്. ഈ പണമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്.





Tags:    

Similar News