ഈജിപ്തില്‍ അല്‍സിസിക്ക് 2030 വരെ പ്രസിഡന്റായി തുടരാം; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

2030 വരെ അല്‍സിസിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള നീക്കത്തിനാണ് ഈജിപ്ത് പാര്‍ലമെന്റ് അനുമതി നല്‍കിയത്. 596 അംഗ പാര്‍ലമെന്റാണ് ഭേദഗതി അംഗീകരിച്ചത്.

Update: 2019-04-17 06:02 GMT

കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍സിസിയുടെ കാലാവധി നീട്ടാനുള്ള ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം. 2030 വരെ അല്‍സിസിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള നീക്കത്തിനാണ് ഈജിപ്ത് പാര്‍ലമെന്റ് അനുമതി നല്‍കിയത്. 596 അംഗ പാര്‍ലമെന്റാണ് ഭേദഗതി അംഗീകരിച്ചത്. 2024ല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഭരണത്തില്‍ കൂടുതല്‍ കാലം തുടരാനുള്ള നീക്കവുമായി സിസി രംഗത്തെത്തിയത്. ഭേദഗതി അനുസരിച്ച് അല്‍സിസിയുടെ രണ്ടാംഘട്ട പ്രസിഡന്റ് കാലാവധി 2030നായിരിക്കും അവസാനിക്കുക.

നിയമം പാര്‍ലമെന്റ് അംഗീകരിച്ചതോടെ ഇനി റമദാന്‍ വ്രതാരംഭത്തിന് മുമ്പായി മെയ് മാസത്തില്‍ ജനഹിത പരിശോധന നടക്കും. പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷമാക്കാനും രണ്ടുതവണകൂടി അധികാരത്തില്‍ തുടരാന്‍ സിസിക്ക് അനുമതി നല്‍കാനും ഉദ്ദേശിച്ചുള്ളതാണ് ഭേദഗതി. ഈജിപ്തിന്റെ നിലവിലെ നിയമപ്രകാരം നാലുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. രണ്ടുതവണ മാത്രമേ ഒരാള്‍ക്ക് അധികാരത്തില്‍ തുടരാനാകൂവെന്ന് ഭരണഘടനയുടെ 140ാം അനുച്ഛേദത്തില്‍ പറയുന്നു. ഈ അനുച്ഛേദമാണ് ഭേദഗതി ചെയ്തത്. 

Tags: