ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ്

എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്രചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്‌സ്.

Update: 2020-10-02 02:57 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്രചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്‌സ്.

ചൊവ്വാഴ്ച ക്ലീവ്ലന്‍ഡില്‍ നടന്ന സംവാദപരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലും ഹോപ് ഹിക്‌സ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. ബ്ലൂംബെര്‍ഗ് ന്യൂസാണ് ഹിക്‌സിന് കൊവിഡാണെന്ന് ആദ്യം റിപോര്‍ട്ട് ചെയ്തത്. തന്നെയും അമേരിക്കന്‍ ജനതയെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും വളരെ ഗൗരവമായി കാണുന്നുവെന്ന് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനം പരമാവധി പരിമിതപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു. ഈവര്‍ഷം ആദ്യമാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും ട്രംപിന്റെ 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News