എല്ലാവരും കൈകോര്‍ത്താല്‍ രണ്ടുമാസത്തിനുള്ളില്‍ സാധാരണനിലയിലേക്ക് തിരിച്ചെത്താന്‍ കഴിയും: കുവൈത്ത് ആരോഗ്യമന്ത്രി

ഒരു അനുയോജ്യമായ പരിഹാരമുണ്ടാവണമെങ്കില്‍ അതിന്റെ കാലയളവ് ഏകദേശം ആറുമാസമാണ്. എന്നാല്‍, ഇത് യുക്തിസഹമാണെന്ന് കരുതുന്നില്ല. മെയ് അവസാനമാവുമ്പോഴോ ജൂണ്‍ ആരംഭത്തോടെയോ രാജ്യത്തെ ശരാശരി രോഗബാധയെ സംബന്ധിച്ചുള്ള ചിത്രം വ്യക്തമാവും.

Update: 2020-03-31 10:34 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും കൈകോര്‍ക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അഭ്യര്‍ഥിച്ചു. ഇത്തരത്തില്‍ മുഴുവന്‍ രാജ്യനിവാസികളുടെയും സഹകരണമുണ്ടായാല്‍ രണ്ടുമാസത്തിനുശേഷം രാജ്യം പഴയനിലയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എല്ലാ പൗരന്‍മാരും താമസക്കാരും സര്‍ക്കാരിന്റെ ആരോഗ്യമാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കേണ്ടതാണ്. സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതിന് എല്ലാവരും കൈകോര്‍ക്കേണ്ട സാഹചര്യമാണുള്ളത്. ഇല്ലെങ്കില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിവരാനാവില്ലെന്നും അല്‍-റായ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏതുവരെ തുടരുമെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു 'ഒരു അനുയോജ്യമായ പരിഹാരമുണ്ടാവണമെങ്കില്‍ അതിന്റെ കാലയളവ് ഏകദേശം ആറുമാസമാണ്. എന്നാല്‍, ഇത് യുക്തിസഹമാണെന്ന് കരുതുന്നില്ല. മെയ് അവസാനമാവുമ്പോഴോ ജൂണ്‍ ആരംഭത്തോടെയോ രാജ്യത്തെ ശരാശരി രോഗബാധയെ സംബന്ധിച്ചുള്ള ചിത്രം വ്യക്തമാവും. രോഗബാധ നിയന്ത്രണവിധേയമായാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ അയവുവരുത്തുമെന്നും ജനജീവിതം ക്രമേണ സാധാരണനിലയിലേക്ക് എത്തുമെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, രോഗവ്യാപന നിരക്ക് വര്‍ധിക്കുകയാണെങ്കില്‍ സാധാരണജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളും.

സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭയുടെ പരിഗണനാ വിഷയങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധി പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടിച്ചേരലുകളും മറ്റും പരമാവധി ഒഴിവാക്കേണ്ടതാണ്. അണുബാധയെ അകറ്റിനിര്‍ത്തുന്നതിനുള്ള യുദ്ധത്തിലാണ് നാമെല്ലാവരും. തങ്ങളിലേയ്ക്കും കുടുംബത്തിലേക്കും അണുബാധയെത്തുന്നത് തടയാനുള്ള ഈ സമരത്തില്‍ എല്ലാവരും പങ്കുചേരണം'- അദ്ദേഹം ആഹ്വാനം ചെയ്തു. നിലവില്‍ ഇന്ന് റിപോര്‍ട്ട് ചെയ്ത 23 പേര്‍ ഉള്‍പ്പെടെ 289 പേര്‍ക്കാണ് കുവൈത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 35 പേര്‍ ഇന്ത്യക്കാരാണ്. 

Tags:    

Similar News