ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്‍റെ വിശദീകരണം.

Update: 2020-02-17 02:47 GMT

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്. എന്നാൽ രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. തുടർച്ചയായ മൂന്നാം ദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്‍റെ അവകാശവാദം.

ശനിയാഴ്ച 2641 കേസുകളും, ഞായറാഴ്ച 2009 കേസുകളും റിപോർട്ട് ചെയ്തു. ചൈനയിൽ മൊത്തം 68,500 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്‍റെ വിശദീകരണം. അതേസമയം ചൈനയിലെ ഹ്യൂബ പ്രവിശ്യയിലെ സഞ്ചാര നിയന്ത്രണം സർക്കാർ കൂടുതൽ ശക്തമാക്കി. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്കും വ്യക്തമാക്കി.

അതേസമയം കൊറോണ ഭീതിയെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലിൽ കുടുങ്ങിയ 400 യുഎസ് പൗരന്മാർ തിരികെ അമേരിക്കയിലേക്ക് തിരിച്ചു. പ്രത്യേക ചാർട്ട് ചെയ്ത രണ്ട് വിമാനങ്ങളിലാണ് ഇവരെ അമേരിക്കയിലേക്ക് മാറ്റുന്നത്. അമേരിക്കയിൽ തിരിച്ചെത്തുന്ന ഇവർ 14 ദിവസം നിരീക്ഷണത്തിലായിരിക്കും. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച 40 അമേരിക്കക്കാരെ ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റി. 3700 യാത്രക്കാരുള്ള കപ്പൽ ഫെബ്രുവരി മൂന്നു മുതൽ ജപ്പാൻ പിടിച്ചുവച്ചിരിക്കുകയാണ്. 

Tags:    

Similar News