കൊറോണ വൈറസ്: മരണം 463; ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി

രാജ്യത്ത് എല്ലാ പൊതുപരിപാടികള്‍ക്കും പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യാത്രാനിരോധനവും ഏര്‍പ്പെടുത്തി.

Update: 2020-03-10 05:36 GMT

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 463 ആയി ഉയര്‍ന്നതോടെ കര്‍ശന നടപടികളുമായി രാജ്യം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ വ്യക്തമാക്കി. രാജ്യത്തെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടു. എല്ലാ കായികമല്‍സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ മൂന്നുവരെയാണ് അവധികളും വിലക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 15ന് സ്‌കൂളുകള്‍ തുറക്കേണ്ടതായിരുന്നു. രാജ്യത്ത് എല്ലാ പൊതുപരിപാടികള്‍ക്കും പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യാത്രാനിരോധനവും ഏര്‍പ്പെടുത്തി. ജോലിക്കോ കുടുംബത്തില്‍ അടിയന്തരസാഹചര്യങ്ങള്‍ക്കോ അല്ലാതെ ആളുകള്‍ യാത്രചെയ്യരുതെന്ന് പ്രധാനമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

ആളുകള്‍ ഒത്തുചേരുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം. സിനിമാ തിയറ്ററുകള്‍, ജിമ്മുകള്‍, പബ്ബുകള്‍ എന്നിവ അടയ്ക്കാനും സംസ്‌കാരങ്ങള്‍, വിവാഹങ്ങള്‍ എന്നിവ റദ്ദാക്കണമെന്നും നിര്‍ദേശമുണ്ടെന്ന് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു. 9,172 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണുണ്ടായത്. രാജ്യത്തെ 20 പ്രവിശ്യകളിലും രോഗവ്യാപനമുണ്ടായി. ഇതോടെ 1.6 കോടി ജനങ്ങളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുമിത്.

രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ മരണം ഇപ്പോള്‍ ഇറ്റലിയിലാണ്. ഈ സാഹചര്യത്തിലാണ് ചൈനയിലേതിനു സമാനമായ കര്‍ശന നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാരും ഏര്‍പ്പെടുത്തിയത്. രോഗീപരിചരണത്തിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൊംബാര്‍ഡിയിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇറ്റലിയില്‍നിന്നെത്തുന്നവര്‍ രണ്ടാഴ്ചത്തേക്ക് സ്വയം ഐസൊലേഷന് തയ്യാറാവണമെന്ന് ബ്രിട്ടനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    

Similar News