പൗരത്വ പ്രക്ഷോഭം: നടീനടന്‍മാര്‍ക്ക് യുവമോര്‍ച്ച നേതാവിന്റെ 'ഇന്‍കംടാക്‌സ്' ഭീഷണി
നികുതി വെട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും ആനക്കൊമ്പ് കേസില്‍ മോഹന്‍ ലാലിനും എതിരേ പോസ്റ്റിടാന്‍ യുവമോര്‍ച്ചാ നേതാവ് തയ്യാറുണ്ടോ എന്ന് വിമര്‍ശകര്‍ ചോദിച്ചു.
കോഴിക്കോട്: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരേ ആദായ നികുതി വകുപ്പിനെ ചൂണ്ടിക്കാട്ടി യുവമോര്‍ച്ചാ നേതാവിന്റെ ഭീഷണി. രാഷ്ട്രീയ പ്രസ്താവന നടത്തുന്ന നടീനടന്‍മാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ ഭീഷണി.
നവ സിനിമക്കാര്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നും ഇക്കാര്യം ആദായ നികുതി വകുപ്പ് ശ്രദ്ധിക്കണമെന്നും സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ സന്ദീപ് പറഞ്ഞു. നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നും അന്ന് ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും പോസ്റ്റില്‍ മുന്നറിയിപ്പുമുണ്ട്.
ബിജെപി രാജ്യവ്യാപകമായി തന്നെ രാഷ്ട്രീയ എതിരാളികളെ എന്‍ഫോര്‍സ്‌മെന്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒതുക്കുന്നതായുള്ള ആക്ഷേപം വ്യാപകമാകുന്നതിനിടേയാണ് യുവമോര്‍ച്ചാ നേതാവിന്റെ ഭീഷണി. സന്ദീപ് വാര്യരുടെ പോസ്റ്റിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നികുതി വെട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും ആനക്കൊമ്പ് കേസില്‍ ഉള്‍പ്പെട്ട മോഹന്‍ ലാലിനും എതിരേ പോസ്റ്റിടാന്‍ യുവമോര്‍ച്ചാ നേതാവ് തയ്യാറുണ്ടോ എന്ന് വിമര്‍ശകര്‍ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്. പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.
