പോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു

പാലത്തിൽ ഇരിക്കുകയായിരുന്ന പ്രദീഷും ശരത്തും 5 സുഹൃത്തുക്കളും കടുത്തുരുത്തി പോലിസിന്റെ ജീപ്പ് കണ്ട് ഓടി. പരിസരവാസികളിൽ ചിലർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണു പോലിസെത്തിയത്.

Update: 2022-05-19 17:48 GMT

കടുത്തുരുത്തി: പോലിസ് ജീപ്പ് കണ്ടു ഭയന്നോടിയ യുവാവിനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടിൽ വീണ മറ്റൊരു യുവാവിനെ പോലിസ് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. എഴുമാന്തുരുത്ത് കുന്നുമ്മേക്കാവിൽ പ്രദീഷ് കെ ദയാനന്ദ് (39) ആണു മരിച്ചത്. സുഹൃത്ത് അകത്താംതറ ശരത്തിനെ (കണ്ണൻ–38)യാണു രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11നു കല്ലറ അകത്താന്തറയിലാണു സംഭവം.

പാലത്തിൽ ഇരിക്കുകയായിരുന്ന പ്രദീഷും ശരത്തും 5 സുഹൃത്തുക്കളും കടുത്തുരുത്തി പോലിസിന്റെ ജീപ്പ് കണ്ട് ഓടി. പരിസരവാസികളിൽ ചിലർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണു പോലിസെത്തിയത്. ഓടേണ്ടെന്നു പോലിസ് വിളിച്ചു പറഞ്ഞതോടെ ശരത് ഉൾപ്പെടെ മൂന്നുപേർ നിന്നു. ഇതിനിടയിലാണു ശരത് കാൽ തെന്നി തോട്ടിൽ വീണതും പോലിസ് രക്ഷിച്ചതും.

പാലത്തിൽ ഇരുന്നവരോടു രാവിലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട ശേഷം പോലിസ് സംഘം മടങ്ങി. തുടർന്നു സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിൽ പന്ത്രണ്ടരയോടെ അകത്താന്തറ ഭാഗത്ത് കാളത്തോട്ടിൽ വീണു കിടക്കുന്ന നിലയിൽ പ്രദീഷിനെ കണ്ടെത്തി. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓട്ടത്തിനിടയിൽ തെന്നി തോട്ടിലേക്കു വീണാകാം പ്രദീഷിന്റെ മരണമെന്നു കരുതുന്നതായി പോലിസ് പറഞ്ഞു. കേറ്ററിങ് ജീവനക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ ഷൈമ, മക്കൾ: ദേവനന്ദ, ബിയാൻ.

Similar News