കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: ഒന്നാംപ്രതി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന് അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.

Update: 2019-12-12 15:36 GMT

തിരുവനന്തപുരം: കൊച്ചി നഗരത്തില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വാഹനം വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഒന്നാംപ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഏട്ടുമാസം മുമ്പാണ് വന്‍ വാഹനത്തിരക്കുള്ള പാലാരിവട്ടം മെട്രോ സ്‌റ്റേഷന് മുന്നിലുള്ള കുഴി രൂപപ്പെട്ടത്. പൊതുമരാമത്ത് വകുപ്പും ജലവിഭവവകുപ്പും അത് കണ്ടില്ലന്ന് നടിച്ചതാണ് ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. ഏതാനും ദിവസം മുമ്പ് നഗരത്തിലെ കടവന്ത്രയിലും ഇതുപോലെ റോഡിലെ കുഴിയില്‍ വീണ് ഒരു ഇരുചക്രവാഹനയാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് അനാസ്ഥമൂലം കേരളത്തിലെ റോഡുകള്‍ മുഴുവന്‍ തകര്‍ന്നുകിടക്കുകയാണ്. ജലവിഭവ വകുപ്പാകട്ടെ അവരുടെ വകയായി റോഡുകള്‍ കുഴിക്കുന്നു.

എന്നാല്‍, കുഴികള്‍ മൂടേണ്ട ഉത്തരവാദിത്വം മാത്രം ഈ വകുപ്പുകള്‍ ഏറ്റെടുക്കുന്നില്ല. ഈ മരണക്കുഴികളില്‍ നിരപരാധികളായ വഴിയാത്രക്കാരുടെ ജീവനുകള്‍ പൊലിയുമ്പോഴും വകുപ്പുകള്‍ പരസ്പരം പഴിചാരി ഒളിച്ചോടുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന് അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. വകുപ്പുകളുടെ ഏകോപനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്ക് വകുപ്പുകളെ ചാരി രക്ഷപ്പെടാന്‍ കഴിയില്ല. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യദുലാലിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    

Similar News