കളമശേരിയിലെ പരാജയത്തിന് കാരണം ലീഗിലെ തര്‍ക്കം;ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്

അബ്ദുള്‍ഗഫൂര്‍ കളമശേരിയില്‍ പരാജയപ്പെട്ടത് മുസ് ലിം ലീഗിലെ തര്‍ക്കങ്ങള്‍ മൂലമാണെന്നും, കളമശ്ശേരി മണ്ഡലത്തില്‍ പെട്ട ജില്ലാ, സംസ്ഥാന ലീഗ് നേതാക്കളുടെ ബൂത്തുകളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ പറഞ്ഞു.

Update: 2021-05-05 06:04 GMT

കൊച്ചി : മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അബ്ദുള്‍ഗഫൂര്‍ കളമശേരിയില്‍ പരാജയപ്പെട്ടത് മുസ് ലിം ലീഗിലെ തര്‍ക്കങ്ങള്‍ മൂലമാണെന്നും, കളമശ്ശേരി മണ്ഡലത്തില്‍ പെട്ട ജില്ലാ, സംസ്ഥാന ലീഗ് നേതാക്കളുടെ ബൂത്തുകളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനോ മകനോ സീറ്റ് നല്‍കരുതെന്നും കളമശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്.

ഇബ്രാഹിം കുഞ്ഞോ മകനോ മത്സരിച്ചാല്‍ പരാജയപ്പെടുമെന്നും, ഇവരില്‍ ആരു മത്സരിച്ചാലും ജില്ലയിലെ മറ്റു മണ്ഡലങ്ങളെ ബാധിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് തന്നെ താന്‍ കെ പി സി സിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ലെന്നും ഷാജഹാന്‍ പറഞ്ഞു.മുസ് ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ നിസ്സഹകരണവും, സ്ഥാനാര്‍ഥി നിര്‍ണായത്തിലെ ലീഗ് നേതാക്കളുടെ അപാകതയുമാണ് യുഡിഎഫിന് മേല്‍ക്കൈയുണ്ടായിരുന്ന ബൂത്തുകളില്‍ പോലും ഇടത് സ്ഥാനാര്‍ഥി മുന്നിലെത്താന്‍ ഇടയായത്.

വസ്തുതകള്‍ ഇതായിരിക്കെ കോണ്‍ഗ്രസിന് മേല്‍ പഴിചാരാനുള്ള ലീഗ് നീക്കം അപഹാസ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ലീഗിലെ തര്‍ക്കങ്ങളാണ് യു ഡി എഫിന് തിരിച്ചടിയായത്. കളമശേരിയിലെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവിത്വം ലീഗ് നേതൃത്വത്തിനാണെന്നും ഷാജഹാന്‍ പറഞ്ഞു.

Tags: