യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കള്ളുഷാപ്പ് ലേലം നിര്‍ത്തിവച്ചു

ലേലനടപടികള്‍ ആരംഭിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറി ലേലനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

Update: 2020-03-18 14:17 GMT

കണ്ണൂര്‍: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ കള്ളുഷാപ്പ് ലേലം യൂത്ത് കോണ്‍ഗ്രസുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. നേരത്തെ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന ലേലം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലേക്ക് മാറ്റിയിരുന്നു. ലേലനടപടികള്‍ ആരംഭിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറി ലേലനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

വിദ്യാലയങ്ങള്‍ക്ക് അവധികൊടുക്കുകയും ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാരാണ് ബാര്‍ തുറക്കാനും കള്ളുഷാപ്പ് ലേലം ചെയ്യാനും ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. കള്ളുഷാപ്പ് ലേലം നടക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നിറയെ കള്ളുഷാപ്പ് ഉടമകളും അവരുടെ അനുയായികളുമുണ്ടായിരുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കേരളത്തിലെ ജനങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കുമ്പോഴാണ് നൂറിലധികം പേര്‍ പങ്കെടുക്കുന്ന ലേലം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സമരം രൂക്ഷമായതോടെ എഡിഎം ഇ പി മേഴ്‌സി ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ലേലം മാറ്റിവച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദേശം ലംഘിച്ച് 150 ഓളം പേര്‍ ലേലത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എം കെ വരുണ്‍, പ്രനില്‍ മതുക്കോത്ത്, സിബിന്‍ ജോസഫ്, വി സിജോ എന്നിവരും സമരത്തിന് നേതൃത്വം നല്‍കാനെത്തിയിരുന്നു. 

Tags:    

Similar News