ലോക കേരള സഭ ജനുവരിയില്‍

പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയില്‍ മത്സരങ്ങള്‍ ഉണ്ടാകും. സഭ നടക്കുമ്പോള്‍ സമ്മേളനവേദിയിലും പുറത്തും കലാപരിപാടികള്‍ നടത്തും.

Update: 2019-10-11 05:30 GMT

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം അടുത്തവര്‍ഷം ജനുവരി 2, 3 തിയ്യതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 7ന് കൊച്ചിയിലായിരിക്കും പരിപാടി. പ്രവാസി കുടുംബങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ അവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര സെമിനാറുകള്‍ നടത്താനും സംഘാടക സമിതി തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ലോക കേരള സഭയുടെ മുന്നോടിയായി ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശില്‍പ്പശാല എന്നിവയുണ്ടാകും. തിരുവനന്തപുരത്ത് പുഷ്പോത്സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സമാപന സമ്മേളനം 3ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധിയിലായിരിക്കും. പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയില്‍ മത്സരങ്ങള്‍ ഉണ്ടാകും. സഭ നടക്കുമ്പോള്‍ സമ്മേളനവേദിയിലും പുറത്തും കലാപരിപാടികള്‍ നടത്തും.

ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതിനാല്‍ പകരം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതാണ്. പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാവേണ്ടതുണ്ട്. പ്രവാസത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി കേരളത്തിലെ യുവജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള വേദിയായി വിദേശതൊഴിലുടമാ സമ്മേളനം മാറണം. ഒന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ച് പ്രധാന നിര്‍ദേശങ്ങള്‍ ഒന്നൊന്നായി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പ്രവാസികളില്‍ നിന്ന് ഓഹരി മൂലധനം സംഭരിച്ച് നിക്ഷേപ കമ്പനിയുണ്ടാക്കാനുള്ള നിര്‍ദേശം അതിലൊന്നായിരുന്നു. ആ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Tags:    

Similar News