പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി
നോര്‍ക്കയുടെ പ്രവാസി ഐഡി കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വെയിസില്‍ യാത്രാക്കൂലിയുടെ ഏഴുശതമാനം ഇളവ് ലഭിക്കും. ഇത് കൂടുതല്‍ വിമാന കമ്പനികളില്‍നിന്ന് നേടിയെടുക്കുവാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബയ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുബയ്: പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്കയുടെ പ്രവാസി ഐഡി കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വെയിസില്‍ യാത്രാക്കൂലിയുടെ ഏഴുശതമാനം ഇളവ് ലഭിക്കും. ഇത് കൂടുതല്‍ വിമാന കമ്പനികളില്‍നിന്ന് നേടിയെടുക്കുവാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബയ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിശേഷാവസരങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത് ആ ഘട്ടങ്ങളില്‍ കൂടുതള്‍ വിമാനങ്ങള്‍ ആ സെക്ടറില്‍ അനുവദിക്കാമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്.
മുന്‍കൂട്ടിത്തന്നെ വിമാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിച്ച് ബുക്കുചെയ്യാന്‍ അവസരം തരുമെന്നാണ് ഉറപ്പുലഭിച്ചത്. അതിവിദഗ്ധരായ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. അവരുടെ വിജ്ഞാനം നാടിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോകകേരള സഭ രൂപംകൊണ്ടത്. അതിന്റെ സബ് കമ്മിറ്റി നിര്‍ദേശമായാണ് സംസ്ഥാന വികസനത്തിനുതകുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഒരു കമ്പനി രൂപീകരിക്കുകയും അതില്‍ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയുമെന്നത്. ഇതിന്റെ ഭാഗമായാണ് ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന നിക്ഷേപസമാഹരണ കമ്പനി രൂപീകരിച്ചത്.
പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ശാരീരിക, സാമ്പത്തിക വിഷമം അനുഭവിക്കുന്നരുടെ അവശത മുന്‍നിര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാന്ത്വനം പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 1,718 ഗുണഭോക്താക്കള്‍ക്ക് 10 കോടിയിലേറെയും വിതരണം ചെയ്തു. തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അംഗീകൃത തൊഴിലാളിയാക്കുന്ന സംവിധാനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിലൂടെ പരിശീലനത്തിന്റെ ഭാഗമായ ജോലിയിലേക്ക് പോവാനുള്ള അവസരം ലഭിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള പ്രയാസം ലഘൂകരിക്കാനാണ് പ്രവാസി ഐഡി കാര്‍ഡ് വിതരണം ചെയ്യുന്നത്. മള്‍ട്ടിപര്‍പ്പസ് ഫോട്ടോ ഐഡി കാര്‍ഡുള്ള ഏതു പ്രവാസി മലയാളിക്കും നോര്‍ക്ക റൂട്ട്‌സ് വഴി ആവശ്യമായ സേവനം എളുപ്പം ലഭ്യമാവും.
നാലുലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈനായി ഐഡി കാര്‍ഡ് കൈപ്പറ്റി. പേഴ്‌സനല്‍ ആക്‌സിഡന്റ് കവറേജായി രണ്ടുലക്ഷം രൂപ ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രവാസജീവിതത്തിനിടെ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നവര്‍ക്ക് മലയാളി അഭിഭാഷകരുടെ സഹായം ഉറപ്പുവരുത്താന്‍ നടപടിയെടുത്തിട്ടുണ്ട്. എംബസികളില്‍ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഫെബ്രുവരി 15 മുതല്‍ ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, പരാതികള്‍ എന്നിവ പറയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടോള്‍ ഫ്രീ സംവിധാനം ഉപയോഗപ്പെടുത്താം. ഫോണ്‍, ഇമെയില്‍, എസ്എംഎസ്, ലൈവ് ചാറ്റ് മുഖേനയും സെന്ററില്‍ ബന്ധപ്പെടാം.
പ്രവാസി സഹോദരിമാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ എന്‍ആര്‍ഐ സെല്‍ നോര്‍ക്കാ റൂട്ട്‌സില്‍ ആരംഭിച്ചു. സാങ്കേതികവിദ്യാ മാറ്റത്തിനനുസരിച്ച് ശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കാനുള്ള പരിശീലന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഡിസംബറില്‍ കൊച്ചിയില്‍ ഇന്റര്‍നാഷനല്‍ എംപ്ലോയര്‍ കോണ്‍ഫറന്‍സ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോകകേരള സഭാംഗം ആര്‍ പി മുരളി, എന്‍ കെ കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.

