വിവാദ വീഡിയോ; കെ സുധാകരനെതിരേ വനിതാ കമ്മീഷൻ കേസെടുത്തു

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി എന്ന പേരിലാണ് ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തിറക്കിയത്.

Update: 2019-04-17 07:27 GMT

തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവും കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെതിരേ വനിതാ കമ്മീഷൻ കേസ്സെടുത്തു. സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിനാണ്  വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി എന്ന പേരിലാണ് ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തിറക്കിയത്. സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാർ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതിയെ ലക്ഷ്യമിട്ടാണ് വീഡിയോ പുറത്തിറക്കിയതെന്നാണ് ആക്ഷേപം.  കടുത്ത സ്ത്രീ വിരുദ്ധതയാണ് ഇതിലൂടെ പ്രകടമായതെന്നാണ് വിമർശനം ഉയർന്നിട്ടുണ്ട്.

Tags: