ബിന്ദു അമ്മിണിക്ക് നേരെ മുളക്സ്പ്രേ പ്രയോഗിച്ചത് ക്രൂരമായ നടപടി: വനിതാ കമ്മീഷൻ

ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലിസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

Update: 2019-11-26 06:30 GMT

തിരുവനന്തപുരം: ഒരു സ്ത്രീയായ ബിന്ദു അമ്മിണിയെ മുളക്സ്പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ. ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലിസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

ശബരിമല ദർശനത്തിന് യാത്ര തിരിച്ച ബിന്ദുവിന് നേരെ ഇന്നു രാവിലെയാണ് അക്രമണം ഉണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പേരില്‍ സംഘടിച്ചെത്തിയ സംഘം പ്രതിഷേധം നടത്തി. ഇതിനിടെ കാറിലുള്ള രേഖകള്‍ എടുക്കാന്‍ പുറത്തിറങ്ങിയ ബിന്ദുവിനു നേരെ ആക്രമണം നടത്തുകയുമായിരുന്നു.

ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി വ്യക്തമാക്കിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News