പാലത്തായി പീഢനം; പദ്മരാജനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക്: വിമൻ ജസ്റ്റിസ് മൂവ്മെൻറ്

പോക്സോ നിയമപ്രകാരം കേസെടുക്കുകയും വൈദ്യപരിശോധന റിപോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞിട്ടും പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുകയാണ്

Update: 2020-04-09 18:56 GMT

കോഴിക്കോട്: പാലത്തായി യുപി സ്കൂളിലെ നാലാം തരം വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും ബജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായ പദ്മരാജനെ ഇനിയും  അറസ്റ്റ് ചെയ്തില്ലെങ്കിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് ശക്തമായ പ്രക്ഷോഭത്തിലേക്കിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പറഞ്ഞു.

പോക്സോ നിയമപ്രകാരം കേസെടുക്കുകയും വൈദ്യപരിശോധന റിപോർട്ടിൽ  കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിയുകയും  മജിസ്ട്രേറ്റിനു മുന്നിൽ വ്യക്തമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷം പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുകയാണ്. 9 വയസ്സുള്ള കുട്ടിയെ ഒന്നിലധികം തവണ ചോദ്യം ചെയ്യുകയും മാനസിക നില പരിശോധിക്കുകയും ചെയ്തത് കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

പ്രതി ബിജെപി നേതാവായത് കൊണ്ടുള്ള രാഷ്ട്രീയ സ്വാധീനവും ഇതിൻ്റെ പിറകിലുണ്ട്. രക്ഷിതാക്കൾ തങ്ങളുടെ മക്കളെ സ്കൂളിലേക്കയക്കുന്നത് അധ്യാപകർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ്. ആ അധ്യാപകൻ തൻ്റെയടുത്ത് വിദ്യ തേടി വന്ന വിദ്യാർഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കുകയും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയുമാണെങ്കിൽ  ഇത് മുഴുവൻ സമൂഹത്തിനും നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സമാന മനസ്കരായ കുറ്റവാളികൾക്കും അത് നൽകുന്ന സന്ദേശം ഭീകരമായിരിക്കുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ  മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് മുഖ്യമന്ത്രിക്കും ഡിജിപി, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ എന്നിവർക്കും പരാതിയയച്ചിരുന്നു. പെൺമക്കളെ സുരക്ഷിതരായി സ്കൂളിൽ പോലും അയക്കാൻ കഴിയാത്ത അവസ്ഥ ഭീകരമാണ്. അതിന് ചൂട്ട് പിടിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 

Similar News