സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കടുത്ത നിബന്ധനകള്‍ ഒഴിവാക്കണം: വിമന്‍ ഇന്ത്യാമുവ്‌മെന്റ്

സാധാരണക്കാര്‍ക്കൊപ്പമാണ് എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ കടുത്ത നിബന്ധനകളിലൂടെജനങ്ങളെ ദ്രോഹിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് ലഭ്യമാകാന്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മതിയെന്നായിരുന്നു അപേക്ഷ സമയത്തെ നിബന്ധന. ഇപ്പോള്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്

Update: 2021-01-21 13:10 GMT

കൊച്ചി: പൗരന്മാര്‍ക്ക് സേവനം ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിന് കടുത്ത നിബന്ധനകള്‍ വെക്കുന്നത് ഒഴിവാക്കണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. സാധാരണക്കാര്‍ക്കൊപ്പമാണ് എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ കടുത്ത നിബന്ധനകളിലൂടെജനങ്ങളെ ദ്രോഹിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് ലഭ്യമാകാന്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മതിയെന്നായിരുന്നു അപേക്ഷ സമയത്തെ നിബന്ധന. ഇപ്പോള്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും കയറിയിറങ്ങേണ്ട അവസ്ഥകള്‍ മനപൂര്‍വം സൃഷ്ടിച്ചിരിക്കുകയാണ്.

ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത് കുടുംബനാഥകളായ സ്ത്രീകള്‍ക്കാണ്. നിബന്ധനകള്‍ ലഘൂകരിച്ച് വീട്ടമ്മമാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൃഷിഭവനില്‍ നിന്ന് സേവനങ്ങളും ആനുകുല്യങ്ങളും ലഭിക്കുന്നതിന് കരമടച്ച രസീത് നല്‍കണം, ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മാതാപിതാക്കളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് വേണം, വിധവാ പെന്‍ഷന്‍ പുതുക്കുന്നതിന് കരമടച്ച രസീത്, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡ് തുടങ്ങി സര്‍ക്കാര്‍ ആനുകുല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ജനങ്ങളുടെ അവകാശമായ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ സുതാര്യവും ലളിതവുമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.

Tags: