തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2021-08-06 06:44 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ ആക്രമണം. നഗരമധ്യത്തിലെ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ അത്യാഹിത വിഭാഗത്തില്‍വച്ച് ഡോ.മാലു മുരളിക്കുനേരെയാണ് കൈയേറ്റമുണ്ടായത്. സംഭവത്തില്‍ കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീഖ് എന്നിവരെ പോലിസ് അറസ്റ്റുചെയ്തു. കഴുത്തിന് പിന്‍ഭാഗത്തെ മുറിവിന് മരുന്നുവയ്ക്കാനാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. മുറിവ് എങ്ങനെയുണ്ടായെന്ന് ചോദിച്ചതോടെ പ്രതികള്‍ പ്രകോപിതരാവുകയും മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അതൊന്നും നീ അന്വേഷിക്കണ്ടെന്ന് പറഞ്ഞ് അസഭ്യവര്‍ഷം നടത്തി. കാത്തിരിക്കാന്‍ പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. ഡോക്ടറുടെ കൈ പിടിച്ചുതിരിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. അക്രമം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഡോക്ടറും സെക്യൂരിറ്റിയും താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ആക്രമണത്തില്‍ പിന്നിലെന്നാണ് പോലിസ് പറയുന്നത്.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജി, സിഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം തുടങ്ങി. ഇന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണത്തിലാണ്. താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗമൊഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. തീര്‍ത്തും അപലപനീയമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്നും കെജിഎംഒഎ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News