ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍; ശബരിമലയില്‍ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം

Update: 2021-08-10 15:10 GMT

തിരുവനന്തപുരം: 'ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക്' (ഡബ്ല്യുഐപിആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. ശബരിമലയില്‍ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ആഗസ്ത് 15 ന് നട തുറക്കുമ്പോള്‍ രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാവും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാവും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ കൂടി പങ്കെടുത്തുകൊണ്ടാവും യോഗം. ഇതുവരെ വാക്‌സിന്‍ ലഭ്യമാവാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോവാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

കടകളിലും മറ്റും പോവാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണം. പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. വിദേശത്ത് പോവാനായി വിമാനത്താവളങ്ങളിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യാശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്‌സിനെന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: