ശബരിമല തന്ത്രിയോട് വിശദീകരണം തേടും; 15 ദിവസത്തിനകം മറുപടി നല്‍കണം

തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് യോജിച്ചതല്ലെന്ന് യോഗത്തിന് ശേഷം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

Update: 2019-01-04 10:20 GMT

തിരുവനന്തപുരം: രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ശബരിമല നട അടച്ചസംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. 15 ദിവസത്തിനകം മറുപടി നല്‍കണം. തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് യോജിച്ചതല്ലെന്ന് യോഗത്തിന് ശേഷം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

യുവതി പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെ തന്ത്രി കണ്ഠര് രാജീവര് താനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശുദ്ധിക്രീയ മാത്രമെ പറ്റുകയുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന് പറഞ്ഞെങ്കിലും കാത്തുനില്‍ക്കാതെ തന്ത്രി നട അടയ്ക്കുകയായിരുന്നു. ബോര്‍ഡിന്റെ അനുമതിയോടെ വേണം ശുദ്ധിക്രീയ നടത്താനെന്നാണ് നിയമം. തന്ത്രിയുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടികള്‍ ആലോചിക്കും.

ബോര്‍ഡ് അവധാനതയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഓരോരുത്തരുടേയും താല്‍പര്യത്തിന് അനുസരിച്ച് ബോര്‍ഡിന് തീരുമാനമെടുക്കാനാവില്ല. ദേവസ്വം കമ്മീഷണര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ദേവസ്വം ബോര്‍ഡിന് പ്രവര്‍ത്തിക്കാനാവു. ശ്രീലങ്കല്‍ യുവതി ദര്‍ശനം നടത്തിയത് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു.


Tags:    

Similar News