വയനാട്ടുകാരുടെ പ്രിയപ്പെട്ട 'മണിയന്' ദാരുണാന്ത്യം

കഴിഞ്ഞദിവസം രാത്രിയില്‍ കുറിച്യാട് റെയ്ഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയില്‍വച്ച് മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയന്‍ എന്ന കാട്ടുകൊമ്പന്‍ ചരിഞ്ഞത്. മറ്റാനകളുടെ കുത്തേറ്റ് മണിയന്റെ ശരീരമാസകലം ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. കൊമ്പന്റെ മസ്തകത്തിലും വയറിലും മാരകമായ കുത്തേറ്റിട്ടുണ്ട്.

Update: 2019-09-07 19:01 GMT

കല്‍പ്പറ്റ: 'മണിയന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വയനാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടുകൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞദിവസം രാത്രിയില്‍ കുറിച്യാട് റെയ്ഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയില്‍വച്ച് മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയന്‍ എന്ന കാട്ടുകൊമ്പന്‍ ചരിഞ്ഞത്. മറ്റാനകളുടെ കുത്തേറ്റ് മണിയന്റെ ശരീരമാസകലം ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. കൊമ്പന്റെ മസ്തകത്തിലും വയറിലും മാരകമായ കുത്തേറ്റിട്ടുണ്ട്.


ആനകളുമായി വന്‍സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങള്‍ സ്ഥലത്തുണ്ട്. വയനാട്ടില്‍ കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ശല്യക്കാരാവുമ്പോഴും 'മണിയന്‍' എല്ലാവരുടെയും ഓമനയായിരുന്നു. നേരം പുലരുമ്പോഴേക്കും കാടതിര്‍ത്തികളിലും നാട്ടിലുമെത്തി സ്‌നേഹം നിറച്ച് ചെവിയാട്ടിനില്‍ക്കുന്നതുകണ്ട് നാട്ടുകാരിട്ട പേരാണ് മണിയന്‍. ആ പേരുചൊല്ലിവിളിച്ച് ആര്‍ക്കും മണിയന്റെയടുത്തേക്ക് ധൈര്യത്തോടെ പോവാമായിരുന്നു. നാട്ടുകാര്‍ നല്‍കുന്നതെല്ലാം വയറുനിറച്ച് കഴിച്ച് വൈകീട്ടോടെ കാട്ടിലേക്ക് മടങ്ങുന്ന ശീലം കഴിഞ്ഞ ദിവസംവരെ മണിയന്‍ തുടര്‍ന്നിരുന്നു.

50 വയസോളം പ്രായമുണ്ട് മണിയന്. പുല്‍പ്പള്ളി ഇരുളവും ബത്തേരിക്കടുത്ത് കൂടല്ലൂരും മണിയന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു. മണിയന്‍ ചരിഞ്ഞതറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നുവരെ നൂറുകണക്കിനാളുകളാണ് കാണാനായിയെത്തിയത്. വയനാട് വന്യജീവി സങ്കേതം മേധാവി പി കെ ആസിഫ്, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രതീശന്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കാട്ടില്‍തന്നെ സംസ്‌കരിക്കും. 

Tags:    

Similar News