ശബരിമലയില്‍ ആദ്യം കയറിയ യുവതിയാര്...?; പിഎസ്‌സി ചോദ്യം വിവാദത്തില്‍

Update: 2019-04-06 01:32 GMT

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം പിഎസ്‌സി പരീക്ഷയില്‍ ഇടംപിടിച്ചത് വിവാദമാവുന്നു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് ഏപ്രില്‍ മൂന്നിനു നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യമുള്ളത്. ചോദ്യപേപ്പറിലെ ഒമ്പതാം നമ്പര്‍ ചോദ്യമാണ് പുതിയ വിവാദമായിരിക്കുന്നത്. സുപ്രിംകോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തിയ 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികള്‍ ആരെന്നായിരുന്നു ചോദ്യം. ഇതിനു നാല് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ബിന്ദു തങ്കം കല്ല്യാണി-ലിബി സി എസ്, ബിന്ദു അമ്മിണി-കനക ദുര്‍ഗ, ശശികല-ശോഭ, സൂര്യ-ദേവാര്‍ച്ചന പാര്‍വതി എന്നിവയാണ് ഓപ്ഷനുകള്‍. പിഎസ്‌സി വെബ്‌സൈറ്റിലെ ഉത്തര സൂചികയില്‍ ശരിയുത്തരമായി നല്‍കിയിരിക്കുന്നത് രണ്ടാമത്തെ ഓപ്ഷനായ ബിന്ദു അമ്മിണി-കനക ദുര്‍ഗ എന്നതാണ്. തിരഞ്ഞെടുപ്പിലും ശബരിമല വിഷയം ചര്‍ച്ചയാവുമ്പോള്‍ പിഎസ്‌സി പരീക്ഷയില്‍ ചോദ്യം വന്നത് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് പന്തളം കൊട്ടാരം വിമര്‍ശനവുമായി രംഗത്തെത്തി. വിവാദമായതിനെ തുടര്‍ന്ന് പിഎസ്‌സി അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.


Tags:    

Similar News