വിവാദ മരം മുറി ഉത്തരവ് : മുഖ്യമന്ത്രിയും റവന്യുമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ജെഎസ്എസ്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരെ സഹായിക്കാന്‍ എന്ന വ്യാജേന എല്‍ഡിഎഫ് നേതൃത്വം എടുത്ത രാഷ്ട്രീയ തീരുമാനം ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നതെന്നും രാജന്‍ ബാബു പറഞ്ഞു

Update: 2021-06-12 11:34 GMT

കൊച്ചി : വയനാട് മുട്ടില്‍ മരം മുറി ഉത്തരവിന് അനുമതി നല്‍കിയതിലൂടെ മുഖ്യമന്ത്രിയും, മുന്‍ സര്‍ക്കാരിലെ റവന്യു മന്ത്രിയും നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു. വിവിധമായ മരം മുറിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത് തങ്ങള്‍ കൂടി ആലോചിച്ച് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ റവന്യു മന്ത്രിയും സമ്മതിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരെ സഹായിക്കാന്‍ എന്ന വ്യാജേന എല്‍ഡിഎഫ് നേതൃത്വം എടുത്ത രാഷ്ട്രീയ തീരുമാനം ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നതെന്നും രാജന്‍ ബാബു പറഞ്ഞു.

നിലവിലുള്ള നിയമം ഭേദഗതി ചെയ്യാതെ ഇറക്കിയ ഉത്തരവ് സദുദ്ദേശത്തോടെയാണെന്ന് കരുതാനാവില്ല. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടവും, മരം മുറി മാഫിയാകള്‍ക്ക് കോടികളുടെ സാമ്പത്തിക ലാഭവുമാണ് ഉണ്ടായിരിക്കുന്നത്. വനം വകുപ്പ് ജീവനക്കാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയതിന്റെ വിവരങ്ങളും പുറത്തു വന്നിരിക്കുന്നു. നിലവിലെ നിയമപ്രകാരം സംരക്ഷിത വന പട്ടയങ്ങള്‍ നല്‍കുമ്പോള്‍ തേക്ക്, ഈട്ടി, കരിവീട്ടി, ചന്ദനം എന്നീ മരങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

1964-ലെ കേരള ഭൂപതിവ് ചട്ടം 9(2) അനുസരിച്ച് പട്ടയ വ്യവസ്ഥ ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന തേക്ക്, ഈട്ടി, കരിവീട്ടി, ചന്ദനം എന്നിവയുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പട്ടയക്കാര്‍ പട്ടയ ഭൂമിയില്‍ അപ്പോള്‍ നില്‍ക്കുന്നതും, പിന്നീട് ഉണ്ടാകുന്ന അത്തരം മരങ്ങള്‍ പരിരക്ഷിക്കേണ്ടതാണ്. പട്ടയ വ്യവസ്ഥ 11 പ്രകാരം ചട്ടത്തിന്റെ അപ്പന്‍ഡിക്സ് 3 -ന്റെ എ ,ബി പാര്‍ട്ടുകളില്‍ പറയുന്ന മരങ്ങള്‍ മാത്രമേ വില ഈടാക്കി ക്രയവിക്രയം നടത്താവൂ. ഈ പാര്‍ട്ടില്‍ സംരക്ഷിത മരങ്ങളായ തേക്ക്, ഈട്ടി, കരിവീട്ടി, ചന്ദനം എന്നീ മരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇവ വിലയ്ക്ക് വില്‍ക്കാനോ, വാങ്ങാനോ നിയമപരമായി ആര്‍ക്കും അധികാരമില്ലെന്നും രാജന്‍ ബാബു വ്യക്തമാക്കി.

1961-ലെ കേരള വന നിയമത്തിന്റെ 76-ാം വകുപ്പ് പ്രകാരം പട്ടയത്തിലെ വ്യവസ്ഥ അനുസരിച്ച് പട്ടയ ഭൂമിയിലെ സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന മരങ്ങള്‍ മുറിക്കുന്നത് തടയുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ സര്‍ക്കാരിന് നിര്‍മ്മിക്കാവുന്നതാണ്. അതനുസരിച്ച് 1995-ല്‍ കൊണ്ടുവന്ന ചട്ടം 3 പ്രകാരം സംരക്ഷിത മരങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. സ്വകാര്യ വ്യക്തികള്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനായി 2005-ല്‍ നിലവില്‍ വന്ന കേരള പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ആക്ട് പ്രകാരം വനം റവന്യു ഭൂമിയില്‍ സ്വകാര്യ ഉടമകള്‍ക്ക് മരങ്ങള്‍ നട്ട് വളര്‍ത്താവുന്നതാണ്. പ്രസ്തുത നിയമത്തിന്റെ 6-ാം വകുപ്പില്‍ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാം എന്നും, എന്നാല്‍ സര്‍ക്കാരില്‍ ഉടമസ്ഥാവകാശം നിക്ഷിപ്തമായിരിക്കുന്ന മരങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നും രാജന്‍ ബാബു പറഞ്ഞു.

തേക്ക്, ഈട്ടി, കരിവീട്ടി, ചന്ദനം എന്നീ മരങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റേതുമാത്രമാണ്. എന്നിരിക്കെ രാഷ്ട്രീയ തീരുമാനമില്ലാതെ കര്‍ഷകനെ സഹായിക്കാന്‍ എന്ന വ്യാജേന ചന്ദനത്തെ മാത്രം ഒഴിവാക്കി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മരങ്ങള്‍ മുറിക്കാനും വില്‍ക്കാനും അനുമതി ഏതെങ്കിലും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന് നല്‍കാനാവില്ല. 2005-ല്‍ മാത്രമാണ് മരം നടീല്‍ പ്രോല്‍സാഹന നിയമം വന്നത്. കേവലം 15 വര്‍ഷത്തിനിപ്പുറം കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നുവെന്ന നിയമ വിരുദ്ധ ഉത്തരവിന്റെ മറവിലാണ് 80-100 -ഉം വര്‍ഷം പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ കേരളമെമ്പാടും വെട്ടിയിരിക്കുന്നത്.

മുന്‍ സര്‍ക്കാരിലെ മുഖ്യമന്ത്രിയും, റവന്യൂ മന്ത്രിയും അറിഞ്ഞ് നടത്തിയ ഈ മരം കൊള്ളയിലൂടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് വന്നിരിക്കുന്നത്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് നിയമ സഭയിലും, കോടതിയിലും സമ്മതിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം രാഷ്ട്രീയ നേതൃത്വത്തെ സംരക്ഷിക്കാന്‍ മാത്രമാണെന്നും രാജന്‍ ബാബു ആരോപിച്ചു.

Tags:    

Similar News