ലക്കിടി വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ

പോലിസാണ് ആദ്യം വെടിവച്ചതെന്ന റിസോര്‍ട്ട് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. എകെ 47 ഉപയോഗിച്ചാണ് സംഘം വെടിവച്ചതെന്നു പറയുന്ന പോലിസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തത് ഒരു നാടന്‍ തോക്ക് മാത്രമാണ്.

Update: 2019-03-08 12:26 GMT

കോഴിക്കോട്: മാവോവാദി നേതാവ് സി പി ജലീല്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത മാറ്റുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. പോലിസാണ് ആദ്യം വെടിവച്ചതെന്ന റിസോര്‍ട്ട് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. എകെ 47 ഉപയോഗിച്ചാണ് സംഘം വെടിവച്ചതെന്നു പറയുന്ന പോലിസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തത് ഒരു നാടന്‍ തോക്ക് മാത്രമാണ്.

പിണറായി വിജയന്റെ ഭരണം ആയിരം ദിവസം പിന്നിടുന്നതിനിടയ്ക്ക് മാവോവാദിയെന്ന പേരില്‍ വെടിവച്ചുകൊല്ലുന്ന മൂന്നാമത്തെ വ്യക്തിയാണ് ജലീല്‍. 2017 ല്‍ ദേവരാജും അജിതയും നിലമ്പൂരില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും സംശയം പ്രകടിപ്പിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടതുസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിയമത്തിന് മുമ്പില്‍ ഹാജരാക്കാതെ നേരിട്ട് വധശിക്ഷ നടപ്പാക്കുന്ന പോലിസ് നടപടി കാടത്തമാണ്. നിയമത്തിന്റെ കാവല്‍ക്കാര്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാതെ മനുഷ്യാവകാശത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള നടപടികളാണ് ജനാധിപത്യ സര്‍ക്കാരുകളില്‍നിന്ന് ഉണ്ടാവേണ്ടതെന്നും മജീദ് ഫൈസി വ്യക്തമാക്കി. 

Tags:    

Similar News