ലക്കിടി വെടിവയ്പ്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഗുജറാത്തിന് സമാനമായി വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറുകയാണോ എന്ന ആശങ്കയാണ് വയനാട് കൊലപാതകം ഉയര്‍ത്തുന്നത്

Update: 2019-03-08 15:04 GMT
കോഴിക്കോട്: വയനാട് ലക്കിടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ-സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന സംശയം ബലപ്പെടുകയാണ്. ചാനലുകള്‍ക്ക് മുമ്പാകെ സംഭവം നടന്ന റിസോര്‍ട്ടിന്റെ മാനേജര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും മാധ്യമങ്ങളില്‍ വരുന്ന റിപോര്‍ട്ടുകളും ഇത്തരം സംശയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നവയാണ്. ഗുജറാത്തിന് സമാനമായി വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറുകയാണോ എന്ന ആശങ്കയാണ് വയനാട് കൊലപാതകം ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമായി അവസാനിക്കുമെന്ന് നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക അന്വേഷണം തെളിയിച്ചിട്ടുള്ളതാണ്. നിലമ്പൂരില്‍ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണ റിപോര്‍ട്ടിന് എന്ത് സംഭവിച്ചു എന്നത് ഇന്നും ദുരൂഹമാണ്. ഈ സാഹചര്യത്തില്‍ വയനാട് ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പിയുസിഎല്‍ VS സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിലെ സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

    മീന കന്തസാമി, ഗ്രോ വാസു, ബി ആര്‍ പി ഭാസ്‌കര്‍, ടി ടി ശ്രീകുമാര്‍, അലന്‍സിയര്‍, രേഖാ രാജ്, കെ കെ രമ, എം എന്‍ രാവുണ്ണി, പി കെ പോക്കര്‍, കെ കെ കൊച്ച്, ഡോ. ബിജു, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സണ്ണി എം കപിക്കാട്, കെ കെ ബാബുരാജ്, സി എസ് മുരളി, കെ ടി റാംമോഹന്‍, കെ പി സേതുനാഥ്, മൈത്രി പ്രസാദ്, നിഖില ഹെന്റി, ഉമ്മുല്‍ ഫായിസ, കെ അഷ്‌റഫ്, ആര്‍ എസ് വസിം, കമാല്‍ വേങ്ങര, ജോണ്‍ തോമസ്, ചന്ദ്രമോഹന്‍ സത്യനാഥന്‍, അഡ്വ. ഭദ്രകുമാരി, തുഷാര്‍ നിര്‍മല്‍, എം സുല്‍ഫത്ത്, സുജാ ഭാരതി, വിനില്‍ പോള്‍, എ എസ് അജിത് കുമാര്‍, ഹാഷിര്‍ മടപ്പള്ളി, അഡ്വ. ശാരിക പള്ളത്ത്, ശ്രുതീഷ് കണ്ണാടി, പി കെ സാദിഖ്, അഡ്വ. അഹമ്മദ് ഫായിസ്, കെ എച്ച് നാസര്‍, രൂപേഷ് കുമാര്‍, റഈസ് ഹിദായ, മെഹര്‍ബാന്‍ മുഹമ്മദ്, ലുഖ്മാനുല്‍ ഹകീം, നോയല്‍ ജോര്‍ജ്, ടി നിഷ, യു കെ അബ്ദുല്‍ കരീം, അഫ്താബ് ഇല്ലത്ത് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.




Tags:    

Similar News